ദുബായ്> ഓർമ സാംസ്കാരിക സദസ് ഓർമ്മമഴക്കാറ് മുരുകൻ കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. നാടിന്റെ സംസ്കാരത്തെ, ചരിത്രത്തെ എല്ലാം വളച്ചൊടിക്കാൻ ശ്രമിക്കുന്ന വർത്തമാന കാലത്ത് ഇന്നലകളെ ഓർമപെടുത്തുക എന്നത് വലിയ സാംസ്കാരിക പ്രവർത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ വലിയ പോരാട്ടത്തിലൂടെ നേടിയെടുത്തതാണ് മാറുമറക്കാനും, വഴി നടക്കാനും, ക്ഷേത്രത്തിൽ കയറാനും, ക്ഷേത്രകുളത്തിൽ കുളിക്കാനും ഒക്കെയുള്ള അവകാശമെന്ന് സമൂഹത്തെ ഓർമപ്പെടുത്താൻ നമുക്ക് കഴിയണം എന്ന് അദ്ദേഹം പറഞ്ഞു.
ഒരു വികസനക്കുതിപ്പിന് കേരളം തയ്യാറെടുക്കുകയാണ് വലിയമാറ്റം പല മേഖലയിലും ഉണ്ടാകുന്നത് നാം കാണണം. ലോകം കേരളത്തിലേക്ക് ഉറ്റു നോക്കുന്നാത് നാം കാണണം. ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു സംസ്ഥാന സർക്കാർ പ്രവാസികൾക്ക് തങ്ങളുടെ ഭാഷ പഠിപ്പിക്കാൻ ഒരു മിഷൻ തുടങ്ങുന്നത് കേരളമാണ്. ആ മലയാളം മിഷനിലൂടെ 59 രാജ്യങ്ങളിലെ കുട്ടികൾ ഇന്ന് മാതൃഭാഷ അഭ്യസിക്കുന്നു. വികസനത്തിനു തുരങ്കം വെക്കുന്ന ഒരു മൗലികവാദത്തിനും നമ്മൾ വഴങ്ങികൊടുക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പരിസ്ഥിതി സ്നേഹം നല്ലതാണ് പരിസ്ഥിതി മൗലികവാദം നാടിനെ മുന്നോട്ട് നയിക്കില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.
ചടങ്ങിൽ പ്രസിഡന്റ് റിയാസ് കൂത്തുപറമ്പ് അദ്ധ്യഷനായി. ലോക കേരള സഭാഗം എൻ കെ കുഞ്ഞമ്മദ്, ഓർമ വനിത വിഭാഗം കൺവീനർ ലത ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അനീഷ് മണ്ണാർക്കാട് സ്വാഗതവും സാഹിത്യവിഭാഗം കൺവീനർ അൻവർ ഷാഹി നന്ദിയും പറഞ്ഞു.