മുഹമ്മ> കുത്തകകൾക്ക് അനുകൂലമായി നിൽക്കുന്ന കേന്ദ്രസർക്കാരിനെ നിലനിർത്താൻ തൊഴിലാളിയുടെ ഐക്യത്തെ തകർക്കാനാണ് ശ്രമമെന്നും ഇതിന് മാധ്യമങ്ങളെ ഉപയോഗിക്കുകയാണെന്നും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. കേരള കയർ വർക്കേഴ്സ് സെന്റർ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മുഹമ്മയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ തൊഴിൽ നിയമത്തിലൂടെ തൊഴിലാളികളുടെ സംഘടിക്കാനുള്ള അവകാശം പോലും കേന്ദ്രം ഇല്ലാതാക്കി. അതിനെതിരെ ജനങ്ങളെ ഒന്നിപ്പിച്ച് പോരാടുകയാണ് സിഐടിയു. എല്ലാ മനുഷ്യരുടെയും ക്ഷേമം മുതലാളിത്തത്തിന്റെ നയമേയല്ല. കൈത്തൊഴിലുകൾക്കും കൃഷിക്കും പരമ്പരാഗത തൊഴിലുകൾക്കും ലഭിച്ചിരുന്ന സംരക്ഷണം ഇല്ലാതായി.
സാമ്പത്തികമായി കേന്ദ്രം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ, പരമ്പരാഗത മേഖലയെ സംരക്ഷിക്കുന്ന നയമാണ് സംസ്ഥാന സർക്കാരിനുള്ളത്. നവകേരള സൃഷ്ടിയുടെ ഭാഗമായി എൽഡിഎഫ് സർക്കാർ കയർ അടക്കം പരമ്പരാഗത മേഖലക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. പുതിയ സങ്കേതികവിദ്യകളിലൂടെ ഉൽപ്പന്നങ്ങൾ വൈവിധ്യവൽക്കരിച്ച് വിപണനം ശക്തമാക്കി പരമ്പരാഗത മേഖലയിലെ തൊഴിലാളികളുടെ ജീവിതം സുരക്ഷിതമാക്കാൻ സർക്കാർ പദ്ധതികൾ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.















