തിരുവനന്തപുരം> നഗരത്തെ ചെങ്കടലാക്കി പട്ടികജാതി ക്ഷേമ സമിതിയുടെ സെക്രട്ടറിയറ്റ് മാർച്ച്. 14 ജില്ലയിൽനിന്നായി അരലക്ഷം പേർ അണിനിരന്ന മാർച്ച് ഉച്ചവരെ നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. സെപ്തംബർ 15ന് കാസർകോടുനിന്നാരംഭിച്ച ജാഥയുടെ സമാപനംകുറിച്ചു നടന്ന സെക്രട്ടറിയറ്റ് മാർച്ച് പട്ടികജാതി ജനവിഭാഗങ്ങൾക്കിടയിൽ പികെഎസിനുള്ള സ്വാധീനം വിളിച്ചോതുന്നതായി.
പട്ടിക വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുക, സ്വകാര്യ, എയ്ഡഡ് മേഖലയിൽ സംവരണം ഏർപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു മാർച്ച്. രാവിലെ വെള്ളയമ്പലത്ത് അയ്യൻകാളി പ്രതിമയിൽ സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയ്ക്കു ശേഷമാണ് മാർച്ച് ആരംഭിച്ചത്.
ധർണ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. പികെഎസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു അധ്യക്ഷനായി.
സെക്രട്ടറി കെ സോമപ്രസാദ്, ട്രഷറർ വി ആർ ശാലിനി, വൈസ് പ്രസിഡന്റുമാരായ കെ ശാന്തകുമാരി എംഎൽഎ, സി കെ ഗിരിജ, ബി സത്യൻ, ജോയിന്റ് സെക്രട്ടറി എസ് അജയകുമാർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം പി റസ്സൽ, പ്രസിഡന്റ് എസ് സുനിൽകുമാർ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ, പി കെ ശിവരാമൻ, വി രമേശൻ, പി ലക്ഷ്മണൻ, വി പൊന്നുക്കുട്ടൻ എന്നിവർ സംസാരിച്ചു.















