കൊച്ചി> ഉറ്റകൂട്ടുകാരില്ലാത്ത സ്കൂളിലേക്ക് പോകാനാണ് എൽസബയും പവിത്രയും തിങ്കളാഴ്ച വീട്ടിൽനിന്ന് ഇറങ്ങിയത്. ഇരുവരും രാവിലെ ഒമ്പതോടെ രക്ഷിതാക്കൾക്കൊപ്പം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെത്തി. അച്ഛനും സ്കൂൾ ബസ് ഡ്രൈവറുമായ സൈമൺ പീറ്റർ എൽസബയുടെ കൈകളിൽ മുറുകെപ്പിടിച്ച് ധൈര്യംപകർന്നു. പവിത്രയുടെ അച്ഛൻ രാജേഷും മകൾക്ക് ആത്മവിശ്വാസം പകരാനെത്തി.
വടക്കഞ്ചേരി ബസ് അപകടത്തിൽ പരിക്കേറ്റ മണീട് പാറമുറ്റത്തിൽ എൽസബയുടെ ഒരു കണ്ണ് പ്ലാസ്റ്റർകൊണ്ട് മൂടിയിരുന്നു. എൽസബയും വെട്ടിത്തറ സ്വദേശി പവിത്രയും സ്കൂളിനുസമീപത്തെ സെന്റ് തോമസ് ദയറ പള്ളിക്കുമുന്നിൽ ഒരുനിമിഷം പ്രാർഥനയോടെ നിന്നു. കൂട്ടുകാരിൽ ചിലർ കൊളുത്തിയ മെഴുകുതിരികൾ അവർക്കുമുന്നിൽ പുതിയ പ്രതീക്ഷപോലെ ജ്വലിച്ചു.
പത്താംക്ലാസ് വിദ്യാർഥിനികളായ ഇരുവർക്കും അപകടത്തിൽ നഷ്ടമായത് പ്രിയകൂട്ടുകാരെയാണ്. ബസിന് മധ്യഭാഗത്താണ് എൽസബ ഇരുന്നത്. തൊട്ടുമുന്നിലെ സീറ്റിലായിരുന്നു മരിച്ച ദിയയും എൽനയും. കൂട്ടുകാരികളുടെ വേർപാട് അംഗീകരിക്കാൻപറ്റാത്ത അവസ്ഥയിലായിരുന്നു എൽസബയും പവിത്രയും. രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാന്ത്വനത്തണലിലാണ് ഇരുവരും തിങ്കളാഴ്ച സ്കൂളിലെത്തിയത്.















