കൊച്ചി > കിഫ്ബി ഉന്നതാധികൃതർക്ക് ഇഡി സമൻസ് അയച്ചത് അഞ്ചുതവണ. മുൻധനമന്ത്രി ടി എം തോമസ് ഐസക്കിന് രണ്ടുതവണ. വിശദീകരണവും കത്തുകളും ഉൾപ്പെടെ ഇഡിയുടെ ആവശ്യപ്രകാരം കിഫ്ബി കൈമാറിയത് ആയിരക്കണക്കിന് രേഖകൾ. കിഫ്ബി ഉന്നത ഉദ്യോഗസ്ഥർ ഹാജരായത് നാലുവട്ടം. 20 മാസത്തിനിടെ ചോദിച്ചതെല്ലാം ലഭിച്ചിട്ടും രാഷ്ട്രീയലക്ഷ്യം നടന്നില്ലെന്ന നിരാശയിലാണ് ഇഡി. കിഫ്ബിക്കെതിരായ നീക്കത്തിന് ഒന്നരവർഷത്തെ പഴക്കമുണ്ടെങ്കിലും ഒരു കേസെടുക്കാനുള്ള വകപോലും ഇഡിക്ക് ലഭിച്ചില്ല.
2021 ഫെബ്രുവരി മൂന്നിനാണ് കിഫ്ബി സിഇഒയ്ക്ക് ആദ്യനോട്ടീസ് ലഭിച്ചത്. മസാല ബോണ്ടുകളിൽ ഫെമ ലംഘനമുണ്ടായെന്ന ആരോപണമാണ് ഇഡി കിഫ്ബിക്കെതിരെ ഉയർത്തുന്നത്. നീക്കം പിന്നീട് തോമസ് ഐസക്കിനെതിരെയായി. സമൻസുകളുടെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്ത് ആഗസ്ത് 10ന് ഐസക് ഹൈക്കോടതിയെ സമീപിച്ചു. 11ന് കേസ് പരിഗണിച്ചപ്പോൾ കോടതി അന്വേഷണവിശദാംശം ആരാഞ്ഞു. പ്രാഥമികഘട്ടത്തിലെന്ന് പറഞ്ഞൊഴിയാൻ ഇഡി ശ്രമിച്ചു. അങ്ങനെയെങ്കിൽ സ്വകാര്യവിവരങ്ങൾ തേടുന്നതെന്തിനെന്നായി കോടതി.
ഐസക് പ്രതിയല്ലെന്നും ചോദ്യംചെയ്യലിന് ഹാജരാകേണ്ടതില്ലെന്നും ഇഡി മലക്കംമറിഞ്ഞു. കേസ് വീണ്ടും 16ന് പരിഗണിച്ചപ്പോഴും ഇഡിക്ക് ഉത്തരം മുട്ടി. സെപ്തംബർ രണ്ടിനാവട്ടെ ഐസക്കിനെതിരായ അന്വേഷണം എന്തിനെന്ന് വിശദീകരിക്കാനായില്ല. തിങ്കളാഴ്ചയും ഇതായിരുന്നു സ്ഥിതി. കേരളത്തിന്റെ വികസനപദ്ധതികൾ അട്ടിമറിക്കാനുള്ള ഇഡിയുടെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കെ കെ ശൈലജ ഉൾപ്പെടെ അഞ്ച് എംഎൽഎമാർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയും കോടതിയിലുണ്ട്.















