തിരുവനന്തപുരം > കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് ജോലി ഉറപ്പാക്കാൻ വെയിൽസ് സർക്കാരുമായി ധാരണപത്രം ഒപ്പുവയ്ക്കാൻ തീരുമാനം. വെയിൽസ് ആരോഗ്യമന്ത്രി എലുനെഡ് മോർഗണുമായി മന്ത്രിമാരായ വീണാ ജോർജും പി രാജീവും നടത്തിയ ചർച്ചയിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശമനുസരിച്ചായിരുന്നു ചർച്ച. ആരോഗ്യപ്രവർത്തകരുടെ സുതാര്യവും നേരിട്ടുമുള്ള റിക്രൂട്ട്മെന്റിന് ഇതിലൂടെ വേദിയൊരുങ്ങും.
റിക്രൂട്ട്മെന്റ്, ആരോഗ്യമേഖലയിലെ ആശയവിനിമയം, സഹകരണം എന്നിവ ഉറപ്പാക്കാൻ കോ-–-ഓർഡിനേഷൻ കമ്മിറ്റിയുണ്ടാക്കും. ധാരണപത്രത്തിൽ ഒപ്പുവയ്ക്കാൻ വെയിൽസ് പ്രതിനിധിസംഘം കേരളത്തിലെത്തും. ചീഫ് സെക്രട്ടറി വി പി ജോയ്, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, യുകെ ഡെപ്യൂട്ടി ഹൈകമീഷണർ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
വെയിൽസിലെ ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രാഡ്ഫോർഡുമായും നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ സഹകരണത്തിന് താൽപ്പര്യമുണ്ട്. കേരളത്തിന്റെ രുചിയും സംസ്കാരവും താനേറെ ഇഷ്ടപ്പെടുന്നു. വിദ്യാർഥികൾക്കായും ആരോഗ്യപ്രവർത്തകർക്കായും വെയിൽസ് സർക്കാർ നടത്തുന്ന എക്സ്ചേഞ്ച് പ്രോഗ്രാമിൽ കേരളത്തിന് പ്രാതിനിധ്യം നൽകുമെന്നും ഫസ്റ്റ് മിനിസ്റ്റർ അറിയിച്ചു. യൂണിവേഴ്സിറ്റി ഓഫ് കാർഡിഫും സംഘം സന്ദർശിച്ചു.















