തിരുവനന്തപുരം > സംസ്ഥാനത്ത് നിയമനത്തിൽ വൻകുതിപ്പിനൊരുങ്ങി പിഎസ്സി. നവംബറിൽ 3700ൽ അധികം തസ്തികയിലേക്ക് നിയമന ശുപാർശ നൽകും. എൽഡി ക്ലർക്ക് തസ്തികയിൽ രണ്ടായിരത്തോളം ഒഴിവിലേക്ക് ശുപാർശ അയച്ചുതുടങ്ങി. 1500 ഒഴിവുള്ള ലാസ്റ്റ് ഗ്രേഡ് സെർവന്റ്, 274 ഒഴിവുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്കും ഉടൻ നിയമനമുണ്ടാകും.
എൽഡി ക്ലർക്ക് തസ്തികയിൽ ആദ്യഘട്ടത്തിൽ വയനാട്–- 55, എറണാകുളം–- 183, ആലപ്പുഴ–- 91, കൊല്ലം–- 142 ഒഴിവുകളിലേക്കാണ് ശുപാർശ. ബാക്കി ജില്ലകളിൽ നവംബറിൽ അയക്കും. 219 ഒഴിവുള്ള തിരുവനന്തപുരത്തും 142 ഒഴിവുള്ള തൃശൂരിലും നടപടി പുരോഗമിക്കുന്നു. വിജ്ഞാപനത്തിൽ പറയാത്ത സ്ഥാപനങ്ങളിലേക്കുകൂടി, ഒഴിവ് അനുസരിച്ച് നിയമനശുപാർശ നൽകും. ഇതിന് റാങ്ക് പട്ടികയിലുള്ളവരുടെ അനുമതി വാങ്ങും. രണ്ടുഘട്ട പരീക്ഷയുടെ അടിസ്ഥാനത്തിൽവന്ന ആദ്യറാങ്ക് പട്ടികയാണിത്. ആഗസ്തിൽ പ്രസിദ്ധീകരിച്ച പട്ടികയുടെ കാലാവധി മൂന്ന് വർഷമാണ്. 14 ജില്ലയിലെയും യുപി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റും തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു.















