മലയാള നോവൽ രചനയിൽ വിച്ഛേദമുണ്ടാക്കിയ നോവലാണ് എസ് ഹരീഷിന്റെ മീശ. പഞ്ചതന്ത്രം കഥകളുടെ ചുവട് പിടിച്ചു കഥ പറച്ചിലിന്റെ സ്വാതന്ത്ര്യത്തെ ആഘോഷിക്കുന്ന നോവലാണിത്. ആ ആഘോഷത്തിന് യാതൊന്നും തടസ്സമാകുന്നില്ല. നിലനിൽക്കുന്ന ലാവണ്യനിയമങ്ങളൊന്നും അതിന് ബാധകമാകുന്നില്ല. വളരെ സങ്കീർണമായ ജീവിതം ആവിഷ്കരിക്കാൻ സങ്കീർണമായ ഘടനയും ഭാഷയും. നിലനിൽക്കുന്ന സദാചാരസങ്കൽപ്പങ്ങളെ സ്വതന്ത്രമായി സമീപിക്കുന്ന രീതി. ഫിക്ഷൻ എഴുത്തിൽ യുക്തിക്ക് സ്ഥാനമില്ല. യുക്തി കടന്നുവന്നാൽപിന്നെ കഥയ്ക്ക് എന്താണ് സ്ഥാനമെന്ന് ഒരുകഥാപാത്രം ചോദിക്കുന്നുമുണ്ട്. യുക്തി കടന്നുവന്നാൽ കഥയില്ലല്ലോ. അത്തരത്തിൽ എഴുത്തിലേക്ക് സ്വാതന്ത്ര്യം കൊണ്ടുവരികയാണ്. അത് ഭാഷയിലുണ്ട്. ഘടനയിലുണ്ട്. വീക്ഷണത്തിലുണ്ട്.
വടക്കൻ കുട്ടനാടൻ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ നോവൽ അവതരിപ്പിക്കുന്നു. ജീവിതകഥകളോടൊപ്പം കെട്ടുകഥകൾ, മിത്തുകൾ, പലതരത്തിലുള്ള സങ്കൽപ്പങ്ങൾ എന്നിവ ചേർത്ത് യാഥാർഥ്യവും അയഥാർഥ്യവും ഇഴചേരുന്നു. എണ്ണമറ്റ കഥകൾ കടന്നുവരുന്നു. നാട്ടുകാരുടെ പറച്ചിലുകളായും മിത്തുകളായും പാട്ടുകളായും ഒരു ജനതയുടെ സംസ്കാരസഞ്ചയം അതിലേക്ക് ചേർത്തുവച്ചിട്ടുണ്ട്.
ഇതിനൊക്കെമീതെ കാണാൻ കഴിയുന്ന സംഗതിയാണ് മീശ എന്ന സങ്കൽപ്പം. പുലയ ക്രിസ്ത്യനായ വാവച്ചൻ നാടകത്തിൽ അഭിനയിക്കാൻ വേണ്ടി മീശവയ്ക്കുന്നു. ദളിതർ മീശവയ്ക്കാൻ പാടില്ല. അക്കാലത്തെ ജാതി വിവേചനത്തിനെക്കുറിച്ച് നിരന്തരം അതിൽ പറയുന്നുണ്ട്. വാവച്ചൻ നാടകത്തിൽവച്ച മീശ പിന്നീട് മാറ്റുന്നില്ല. ജാതി അധികാരത്തോടും അധികാരവർഗത്തോടുമുള്ള വെല്ലുവിളിയായിട്ടാണ് മീശ തുടങ്ങുന്നത്. ആ മീശ വാനോളം വളരുന്നു എന്ന് പറയാം. അങ്ങനെയൊരു വളർച്ച മീശയ്ക്ക് ഉണ്ട്. വാവച്ചന്റെ മീശ കളയണമെന്നത് സവർണവിഭാഗത്തിന്റെയും ഭരണകൂടത്തിന്റെയും താൽപ്പര്യമാണ്. പൊലീസും മേലാളന്മാരും അന്വേഷിക്കുന്നുണ്ട്. എവിടെയൊക്കെ കണ്ടുപിടിക്കുന്നു എന്ന് തോന്നുന്നിടത്തുനിന്ന് വാവച്ചൻ അപ്രത്യക്ഷനാകുന്നു. അതിന്റെ കരുത്തിനെക്കുറിച്ച് ഒരുപാട് കഥകൾ പ്രചരിക്കുന്നുണ്ട്. മീശയോടൊപ്പം ജീവിച്ചിരിക്കുമ്പോൾതന്നെ വാവച്ചനും വലിയൊരു മിത്തായി മാറുന്നു. ദളിത് പൊളിറ്റിക്സിന്റെ അതിസൂക്ഷ്മ ആഖ്യാനമാണ് അവിടെ കാണുന്നത്. സത്യത്തിൽ നോവൽ വായിച്ച് മനസ്സിലാക്കിയവരല്ല അതിനെതിരെ രംഗത്തുവന്നത്.















