ന്യൂഡൽഹി
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മാർഗനിർദേശങ്ങൾ ലംഘിക്കുന്നതിൽ കടുത്ത അതൃപ്തി പ്രകടമാക്കി ശശി തരൂർ. ഔദ്യോഗിക സ്ഥാനങ്ങൾ രാജിവച്ചുവേണം സ്ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങേണ്ടതെന്ന നിർദേശം നേതൃസ്ഥാനത്തുള്ളവര് പാലിക്കുന്നില്ലെന്ന് തരൂർ മുംബൈയിൽ മാധ്യമങ്ങളോട് പറഞ്ഞു. പരാതികള്ക്ക് മറുപടി ലഭിക്കുന്നില്ല. മല്ലികാർജുൻ ഖാർഗെയ്ക്ക് മുംബൈയില് പിസിസി ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയതിലും തരൂര് അതൃപ്തി പ്രകടമാക്കി.
മത്സരത്തിൽനിന്ന് പിന്മാറിയെന്ന പ്രചാരണവും തരൂർ നിഷേധിച്ചു. പൂർത്തീകരിക്കാനുള്ള ദൗത്യമാണ് ഏറ്റെടുത്തതെന്ന് തരൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. പത്രിക പിൻവലിക്കാനുള്ള സമയപരിധി ശനിയാഴ്ച കഴിഞ്ഞു.
അതിനിടെ, കോൺഗ്രസ് നേതാക്കൾ പക്ഷംപിടിക്കുന്നതായി തരൂർ രേഖാമൂലം പരാതി നൽകിയിട്ടില്ലെന്ന് വരണാധികാരി മധുസൂദൻ മിസ്ത്രി പറഞ്ഞു. മറ്റൊരു സംസ്ഥാനത്തെക്കുറിച്ചുള്ള പരാതി പരിശോധിക്കുമെന്നും മിസ്ത്രി വ്യക്തമാക്കി. 17ന് പകൽ 10 മുതൽ നാലുവരെ രഹസ്യബാലറ്റ് വഴി പിസിസി ആസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. എല്ലാ ബാലറ്റ് പെട്ടികളും ഡൽഹിയിൽ കൊണ്ടുവന്നശേഷം 19ന് വോട്ടണ്ണി ഫലം പ്രഖ്യാപിക്കും.















