ന്യൂഡല്ഹി> രാഷ്ട്രീയ പാര്ട്ടികളുടെ നയപരമായ തീരുമാനങ്ങള് നിയന്ത്രിക്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് സിപിഐ എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജോലി അതല്ല. രാഷ്ട്രീയ പാര്ട്ടികള് ജനങ്ങള്ക്ക് വാഗ്ദാനം ചെയ്യുന്ന നയപ്രഖ്യാപനങ്ങളും ക്ഷേമ പദ്ധതികളും നിയന്ത്രിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന് അല്ല. രാഷ്ട്രീയ പാര്ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയില് നല്കിയ സത്യവാങ്മൂലത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ നിലപാടെന്നും യെച്ചൂരി പറഞ്ഞു.
രാഷ്ട്രീയ പാര്ട്ടികളുടെ അവകാശം ലംഘിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ ഉള്ള ഏതൊരു നീക്കവും അംഗീകരിക്കില്ല. കമ്മീഷന്റെ നീക്കത്തിന് പിന്നില് കേന്ദ്ര സര്ക്കാരിന്റെ സമ്മര്ദ്ദമുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേര്ത്തു.















