കൊച്ചി
വടക്കഞ്ചേരിയിൽ ഒമ്പതുപേരുടെ മരണത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസ് അമിതവേഗത്തിലാണെന്ന് രണ്ടുതവണ ഉടമയ്ക്ക് ജിപിഎസ് സംവിധാനംവഴി മുന്നറിയിപ്പ് നൽകിയതായി ട്രാൻസ്പോർട്ട് കമീഷണർ ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സ്വമേധയാ എടുത്ത കേസിൽ വിശദീകരണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് റോഡ് സുരക്ഷാ കമീഷണറുടെ ചുമതലകൂടി വഹിക്കുന്ന ട്രാൻസ്പോർട്ട് കമീഷണർ എസ് ശ്രീജിത് കോടതിയിൽ ഹാജരായത്. അപകടത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു.
സുരക്ഷിതമായ യാത്രയ്ക്കായി സ്വീകരിച്ച നടപടികൾ കോടതിയെ അറിയിച്ചു. ഗതാഗത ബോധവൽക്കരണത്തിലൂടെ സംസ്ഥാനത്തെ അപകടമരണത്തോത് 13.7 ശതമാനം കുറയ്ക്കാനായി. ഗതാഗതനിയമങ്ങൾ ഹയർ സെക്കന്ഡറി സിലബസിൽ ഉൾപ്പെടുത്തുകയും ചെയ്തു.
റോഡ് അപകടങ്ങളിൽ 80 ശതമാനത്തിന്റെയും കാരണം അശ്രദ്ധമായ ഡ്രൈവിങ്ങാണ്. ഇത്തരം നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാനും ലൈസൻസ് സസ്പെൻഡ് ചെയ്യാനുമേ കഴിയൂ പിഴത്തുക വാഹന ഉടമകൾതന്നെ അടയ്ക്കുന്നതിനാൽ ഡ്രൈവർമാർ അശ്രദ്ധ തുടരുന്നു.
നിയമങ്ങൾ പാലിക്കാത്ത ഡ്രൈവർമാർക്കെതിരെ കർശന നടപടി എടുക്കണമെന്നും ഇതിന് ഉത്തരവുകളും സർക്കുലറുകളും പുറപ്പെടുവിക്കണമെന്നും കോടതി നിർദേശിച്ചു. നിയമലംഘനങ്ങളെക്കുറിച്ച് പരാതി അറിയിക്കാൻ ടോൾ ഫ്രീ നമ്പർ വേണം. 28ന് കമീഷണർ വീണ്ടും കോടതയിൽ ഹാജരാകണം.
അമിതവേഗം അറിയിച്ചിട്ടും
നടപടിയെടുത്തില്ല
വടക്കഞ്ചേരിയിൽ വ്യാഴാഴ്ച രാത്രി ഒമ്പതുപേരുടെ ജീവനെടുത്ത ടൂറിസ്റ്റ് ബസ് ഓടിയത് മണിക്കൂറിൽ 97.7 കിലോ മീറ്റർ വേഗത്തിൽ. അമിതവേഗം കാണിച്ച് മോട്ടോർ വാഹനവകുപ്പ് ഉടമയ്ക്ക് ജിപിഎസ് സന്ദേശം അയച്ചിരുന്നു. എന്നാൽ സന്ദേശം കിട്ടിയിട്ടും ഉടമ ഒന്നുംചെയ്തില്ല. 70 കിലോമീറ്റർ വേഗപ്പൂട്ട് പരിധിയുള്ള വാഹനമെങ്ങനെ ഇത്ര വേഗത്തിലോടി. അപകടത്തിലായ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ക്യാമറയിലും പതിഞ്ഞിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ ഫിറ്റ്നസ് പരിശോധന നടക്കുമ്പോൾ കൃത്യമായി വേഗപ്പൂട്ട് സ്ഥാപിക്കും. മറ്റെല്ലാ മാനദണ്ഡവും ഉറപ്പാക്കും. പരിശോധന കഴിയുന്നതോടെ മിക്കവരും വേഗപ്പൂട്ട് എടുത്തുമാറ്റുകയാണെന്ന് ആർടിഒ ഉദ്യോഗസ്ഥർ പറയുന്നു. ജിപിഎസ് ഉള്ളതിനാൽ അമിതവേഗമായാലും ദിശ തെറ്റിയാലും കൃത്യമായി ഉടമയുടെ മൊബൈൽഫോണിലേക്ക് സന്ദേശം വരും. എവിടെയൊക്കെ പോകുന്നു, സ്റ്റോപ്പുകൾ, എവിടെനിന്ന് തിരിയുന്നു എന്നീ വിവരങ്ങളൊക്കെ അറിയാനാകും. വാഹനത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള വിവിധ അറിയിപ്പുകളും സ്മാർട്ഫോണിൽ ലഭിക്കും. എന്നാൽ ഉടമകൾ ഇതൊന്നും കാര്യമായി എടുക്കാറില്ല. അതാണ് വടക്കഞ്ചേരിയിൽ സംഭവിച്ചത്. വാളയാർ മുതൽ വടക്കഞ്ചേരിവരെ ദേശീയപാതയിൽമാത്രം ദിവസേന രണ്ടായിരത്തിലധികം നിയമലംഘനം റിപ്പോർട്ട് ചെയ്യുന്നു. വേഗപ്പൂട്ടും ജിപിഎസും റോഡിൽ മുക്കിനുമുക്കിന് ക്യാമറയുമെല്ലാം ഉണ്ടായിട്ടും അപകടങ്ങൾക്ക് കുറവില്ല.