തിരുവനന്തപുരം
ഈ വർഷത്തെ ദേശാഭിമാനി പുരസ്കാരം ഇന്ത്യൻ സിനിമയിലെ അതികായൻ അടൂർ ഗോപാലകൃഷ്ണന്. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമടങ്ങുന്ന പുരസ്കാരം ജനുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. ദേശാഭിമാനിയുടെ എൺപതാം വാർഷിക ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിക്കുക.
പുരസ്കാരവിവരം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, ജനറൽ മാനേജർ കെ ജെ തോമസ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ ജയചന്ദ്രൻ, തിരുവനന്തപുരം യൂണിറ്റ് മാനേജർ ഐ സെയ്ഫ് എന്നിവർ അടൂരിന്റെ വീട്ടിലെത്തി അറിയിക്കുകയായിരുന്നു. അംഗീകാരത്തിൽ ഏറെ സന്തോഷമുണ്ടെന്ന് അടൂർ പറഞ്ഞു.
ഒട്ടേറെ ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ മലയാളത്തിൽ എത്തിക്കുകയും മലയാള സിനിമയെ ലോകപ്രേക്ഷകരുടെ മുന്നിലെത്തിക്കുകയും ചെയ്തതിൽ അടൂരിന്റെ പങ്ക് നിസ്തുലമാണ്. വാണിജ്യ സിനിമയുടെ ലോകത്തുനിന്ന് മാറി സഞ്ചരിച്ച് വ്യത്യസ്തമായൊരു അനുഭൂതി അഭ്രപാളികളിൽ സൃഷ്ടിക്കാനും അടൂരിനായി. കൊടിയേറ്റം, സ്വയംവരം, എലിപ്പത്തായം, മതിലുകൾ, വിധേയൻ, നിഴൽക്കുത്ത്, ഒരുപെണ്ണും രണ്ടാണും തുടങ്ങിയവ അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ സിനിമകളാണ്. നിരവധി ഗ്രന്ഥങ്ങളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒട്ടേറെ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. പത്മവിഭൂഷൺ, ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചു.
ലഹരിക്കെതിരായ നീക്കം ശക്തമാക്കണം : അടൂർ
സസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിലുൾപ്പെടെ നടക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സമൂഹത്തിന് ഏറെ പ്രയോജനകരമാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഈ നീക്കം കൂടുതൽ ശക്തമാക്കണം. പാഠ്യപദ്ധതിയിൽ ഇല്ലെങ്കിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സ്കൂളുകളിൽ പഠിപ്പിക്കണം. അതിന്റെ ദോഷവശങ്ങളും സമൂഹത്തിനാകെ ഉണ്ടാകുന്ന വിപത്തുകളും പഠിപ്പിക്കണം. ഇത്തരം ഹീനപ്രവൃത്തികളിൽ ഏർപ്പെടുന്നവരെ നിർദാക്ഷിണ്യം ജോലിയിൽനിന്ന് പിരിച്ചുവിടണം. ദേശാഭിമാനി പുരസ്കാര വിവരം അറിയിക്കാനെത്തിയപ്പോഴാണ് അടൂർ ഇക്കാര്യങ്ങൾ പറഞ്ഞത്.
സംസ്ഥാന സർക്കാർ പൊതുമേഖലയിലെ വിദ്യാലയങ്ങളോട് സ്വീകരിക്കുന്ന അനുകൂല സമീപനത്തെയും അദ്ദേഹം പ്രകീർത്തിച്ചു. സർക്കാർ വിദ്യാലയങ്ങൾ തുടർച്ചയായി പൂട്ടുന്ന അവസ്ഥയായിരുന്നു മുമ്പുണ്ടായിരുന്നത്. അതിനെതിരെ താനടക്കമുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ, ഇപ്പോൾ അത്തരത്തിൽ സർക്കാർ സ്കൂളുകളുടെ നിലനിൽപ്പിനുവേണ്ടി രംഗത്തിറങ്ങേണ്ടി വരുന്നില്ല. നല്ല നിലയിലാണ് അവ നടക്കുന്നതെന്നും അടൂർ പറഞ്ഞു.