തിരുവനന്തപുരം
നോർവെയിലെ മലയാളി കൂട്ടായ്മ ‘നന്മ’യുടെ സമ്മേളനത്തിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ആദ്യ ചോദ്യം കുഞ്ഞു സാറയുടേതായിരുന്നു. നാട്ടിൽ വന്നപ്പോൾ മിഠായി കഴിച്ച് അതിന്റെ കടലാസ് ഇടാൻ വേസ്റ്റ് ബിൻ കണ്ടില്ലെന്നും ഇതിന് മാറ്റമുണ്ടാകുമോ എന്നുമായിരുന്നു രണ്ടാംക്ലാസുകാരിയുടെ ചോദ്യം.
രണ്ട് അക്കാദമീഷ്യന്മാർ പണ്ട് സിംഗപ്പുരിൽ പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അവിടെ ബസിൽനിന്ന് ഇറങ്ങിയ അവർ ടിക്കറ്റ് റോഡിൽ ഇടുന്നതു കണ്ട സ്കൂൾ കുട്ടികൾ അമ്പരന്നുപോയെന്നും തെറ്റ് മനസ്സിലാക്കിയ അക്കാദമീഷ്യന്മാർ റോഡിൽനിന്ന് ടിക്കറ്റ് എടുത്ത് വേസ്റ്റ് ബിന്നിലിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ഈ അവബോധം വേണ്ടത്ര വന്നിട്ടില്ല. മാലിന്യ സംസ്കരണം പ്രധാന പ്രശ്നമായി കാണുന്നു. അത് പരിഹരിക്കാൻ ശ്രമിക്കുകയാണ്. സാറ ആഗ്രഹിക്കുന്ന രൂപത്തിലേക്ക് കേരളത്തെ മാറ്റാൻ ശ്രമിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഹർഷാരവത്തോടെ സദസ്സ് സ്വീകരിച്ചു. ആദ്യമായാണ് കേരളത്തിന്റെ മുഖ്യമന്ത്രി നോർവെയിൽ എത്തുന്നതെന്നും അതിൽ അഭിമാനമുണ്ടെന്നും നന്മ പ്രസിഡന്റ് പെരുമ്പാവൂർ സ്വദേശിനിയായ സിന്ധു എബ് ജിൽ പറഞ്ഞു.
നോർവെയിൽ പൊതു വിദ്യാഭ്യാസം മാത്രമാണ് ഉള്ളതെന്നു പറഞ്ഞ മലയാളികൾ, നാട്ടിലെ വിദ്യാഭ്യാസത്തിന്റെ മികവാണ് തങ്ങൾക്ക് ഇവിടെ ഉന്നത ജോലി ലഭിക്കാൻ ഇടയാക്കിയതെന്നും പറഞ്ഞു. മഹാരാജാസിലെ പൂർവ വിദ്യാർഥി സീമ സ്റ്റാൻലി എഴുതിയ പുസ്തകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ചോദ്യങ്ങൾക്ക് വ്യവസായമന്ത്രി പി രാജീവും ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്യും മറുപടി പറഞ്ഞു.