ചങ്ങനാശേരി
എസി കോളനിയിൽ പൂവം കടത്ത് പാലത്തിനുസമീപം ബിന്ദുമോൻ കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതി മുത്തുകുമാറിന്റെ കൂട്ടാളികളായ മൂന്നു പ്രതികളെക്കൂടി പ്രത്യേക പൊലീസ് സംഘം പിടികൂടി. മുത്തുകുമാർ താമസിച്ചിരുന്ന 64–-ാം നമ്പർ അഖിൽ ഭവനിൽ അഞ്ചുദിവസം മുമ്പായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ആലപ്പുഴ ആര്യാട് കിഴക്കെവെളിയിൽ ബിന്ദുകുമാറിനെ(ബിന്ദുമോനെ –-45) കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ഇട്ട് മൂടുകയായിരുന്നു.
ളാക്കാട്ടൂരിൽ മാടത്താനി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വിജയപുരം ചെമ്മരപള്ളി പുളിമൂട്ടിൽ വീട്ടിൽ വിപിൻ ബൈജു(24), ചെമ്മരപള്ളി വിജയപുരം പറത്തുപറമ്പിൽ ബിനോയ് മാത്യു(27) എന്നിവരെ കോയമ്പത്തൂരിൽനിന്നും നാലാംപ്രതി ചെമ്മരപള്ളി പൂശാരുപറമ്പിൽ വരുൺ പി സണ്ണിയെ മാങ്ങാനത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ബിന്ദുവിന് പ്രധാന പ്രതി മുത്തുകുമാറിന്റെ ഭാര്യയുമായി അടുപ്പമുണ്ടായിരുന്നുവെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ബിന്ദുവിന് മുത്തുകുമാറിന്റെ ഭാര്യ പണം അയയ്ക്കുന്നതും പ്രതിയുടെ ശത്രുത വർധിപ്പിച്ചു. ഇതോടെ ബിന്ദുകുമാറിനെ കൊലപ്പെടുത്താൻ തീരുമാനിച്ചെന്നും പ്രതി പൊലീസിനോട് സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി പി കാർത്തിക് പറഞ്ഞു.
രണ്ടും മൂന്നും പ്രതികൾ കോയമ്പത്തൂരിൽ ഉണ്ടെന്ന് പ്രധാന പ്രതിയിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് സംഘം എത്തി ഇവരെ കുരുക്കുകയായിരുന്നു. മൂന്ന് പ്രതികൾക്കും മുഖ്യപ്രതിയുമായി വളരെ അടുത്ത സൗഹൃദമുള്ളതായും പി കാർത്തിക് മാധ്യമങ്ങളോട് പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കി.