തിരുവനന്തപുരം
സ്കൂളുകളിൽനിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദേശം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നിർബന്ധമായും പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെയാണ് യാത്ര പാടില്ലെന്ന് നിഷ്കർഷിച്ചത്.
കേരള ടൂറിസംവകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള വാഹനങ്ങൾമാത്രമേ പഠനയാത്രകൾക്ക് ഉപയോഗിക്കാവൂ എന്ന് നേരത്തേ നിർദേശം നൽകിയിട്ടുണ്ട്. 2020 മാർച്ച് രണ്ടിലെ ഉത്തരവിലൂടെ കൂടുതൽ സമഗ്രമായ നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂർണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കാണ്. പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ സമഗ്രവിവരങ്ങളെക്കുറിച്ച് പ്രധാന അധ്യാപകന് കൃത്യമായ ബോധ്യംവേണം. വിദ്യാർഥികൾക്കും മുൻകൂട്ടി അറിവ് നൽകണം. അപകടസ്ഥലങ്ങളിൽ യാത്ര പോകരുത്. അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരിപദാർഥങ്ങൾ ഉപയോഗിക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കണം. സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗതവകുപ്പിന്റെ എല്ലാ നിർദേശങ്ങളും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.