ന്യൂഡൽഹി
ആഫ്രിക്കൻ രാജ്യമായ ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തിന് ഇടയാക്കിയതിൽ സംശയമുനയിലുള്ള ഇന്ത്യൻ മരുന്നുനിർമ്മാണ കമ്പനി സ്ഥിരം വീഴ്ച വരുത്തുന്നവരെന്ന് റിപ്പോർട്ട്. ഹരിയാനയിലെ മെയ്ഡെൻ ഫാർമസ്യൂട്ടിക്കൽസിന്റെ ചുമയ്ക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന നാല് സിറപ്പുകളെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയത്. അതേസമയം, കമ്പനിക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്ന വെബ്സൈറ്റിലെ അവകാശവാദം വ്യാജമാണെന്ന വിവരവും പുറത്തുവന്നു. കമ്പനി ഗുണനിലവാരം ഇല്ലാത്ത മരുന്നുകൾ മുമ്പും വിതരണം ചെയ്തിട്ടുണ്ട്. തുടർ നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ ഏജൻസികൾ തയാറായിട്ടില്ല. കമ്പനിയുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളെക്കുറിച്ച് കേരളം പല തവണ മുന്നറിയിപ്പ് നൽകിയിരുന്നു. 2021-ലും 2022-ലും അഞ്ച് തവണയെങ്കിലും മെയ്ഡന്റെ ഉൽപ്പന്നങ്ങൾ ഗുണനിലവാരമില്ലാത്തതാണെന്ന് കേരള അധികൃതർ കണ്ടെത്തിയിരുന്നു.
ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതോടെ, ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അന്വേഷണം തുടങ്ങി. ഇവയിൽ അമിതമായി ഡൈഎത്തിലിൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും അടങ്ങിയതാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവാദമരുന്നുകളെക്കുറിച്ച് സെപ്തംബർ 29ന് ലോകാരോഗ്യസംഘടന ഡിസിജിഐക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഉടൻ ഹരിയാനയിലെ റെഗുലേറ്ററി അതോറിറ്റിയോട് അന്വേഷിക്കാൻ നിർദേശം നൽകിയിരുന്നതായി ഡിസിജിഐ അറിയിച്ചു. മരുന്നുകൾ ഇന്ത്യയിൽ വിൽക്കുന്നില്ലെങ്കിലും ചില മരുന്നുകമ്പനികളുടെ വിശ്വാസ്യതയും നിലവാരവും സംബന്ധിച്ച് സംശയം ഉയരുന്നുണ്ട്. ഹരിയാനയിലെ സോണിപത്തിൽ സ്ഥിതിചെയ്യുന്ന മെയ്ഡെൻ ഫാർമസ്യൂട്ടിക്കൽസിന് ഹിമാചൽ പ്രദേശിലും ഉൽപ്പാദന യൂണിറ്റുകളുണ്ട്. അതിനിടെ, ഡൽഹിയിലെ കമ്പനിയുടെ ഓഫീസ് അടച്ചുപൂട്ടി ജീവനക്കാർ സ്ഥലംവിട്ടു.
കഫ് സിറപ്പുകൾ തിരിച്ചുപിടിക്കാൻ ഗാംബിയ
ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായെന്നു സംശയിക്കുന്ന കഫ് സിറപ്പുകൾ അടിയന്തരമായി തിരിച്ചുവിളിച്ചു. കൈവശമുള്ള കഫ് സിറപ്പുകൾ ഉപേക്ഷിക്കണമെന്ന് വീടുവീടാനതരം കയറി അറിയിപ്പു നൽകുകയാണ്. വൃക്കരോഗം ബാധിച്ച് കുട്ടികൾ മരിച്ചത് 24 ലക്ഷംമാത്രം ജനങ്ങളുള്ള രാജ്യത്തും ലോകത്തിനും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ആരോഗ്യ ഡയറക്ടർ ഡോ. മുസ്തഫ ബിട്ടായെ പറഞ്ഞു.
വിഷമയമായ ഇന്ത്യൻ നിർമിത സിറപ്പുകൾ കണ്ടെത്തിയത് ഗാംബിയയിലാണെങ്കിലും മറ്റു രാജ്യങ്ങളിലും വിതരണം ചെയ്തിട്ടുണ്ടാകാമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി. എല്ലാ രാജ്യങ്ങളും ഇവ കണ്ടെത്തി പിൻവലിക്കണമെന്നും നിർദേശിച്ചു.