കൊച്ചി
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് പ്രതി ദിലീപിന്റെ സംഭാഷണം തന്നെയെന്ന് ഫോറൻസിക് പരിശോധനാഫലം. ശബ്ദരേഖയിൽ കൃത്രിമം നടന്നിട്ടില്ലെന്നും ദിലീപിനൊപ്പം ശബ്ദരേഖയിലുള്ളവരുടെ സംഭാഷണങ്ങള്‍ തിരിച്ചറിഞ്ഞതായും എഫ്എസ്എൽ റിപ്പോർട്ടിൽ പറയുന്നു. ദിലീപിന്റേത് കൂടാതെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ്, അപ്പു, ശരത് എന്നിവരുടെ സംഭാഷണങ്ങളാണ് ശബ്ദരേഖയിലുള്ളത്.
നാൽപ്പതോളം ശബ്ദരേഖകളാണ് ബാലചന്ദ്രകുമാർ അന്വേഷകസംഘത്തിന് കൈമാറിയത്. ഇത് വ്യാജമാണെന്നും മിമിക്രി താരങ്ങളെ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും പ്രതികളുടെ അഭിഭാഷകർ ആരോപിച്ചിരുന്നു. ശബ്ദസംഭാഷണങ്ങളിൽ ഒരുതരത്തിലുള്ള കൃത്രിമവും നടന്നിട്ടില്ല. ബാലചന്ദ്രകുമാർ സൂചിപ്പിച്ച അതേദിവസംതന്നെയാണ് സംഭാഷണം റെക്കോഡ് ചെയ്തത്. അവ എഡിറ്റ് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പരിശോധനയുടെ ഭാഗമായി പ്രതികളുടെ ശബ്ദങ്ങൾ ശേഖരിച്ചിരുന്നു. ഈ ശബ്ദങ്ങളുമായി ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദങ്ങൾ താരതമ്യം ചെയ്താണ് പരിശോധിച്ചത്.
അതേസമയം കേസിൽ ദിലീപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തുന്നതുമായി ബന്ധപ്പെട്ടുള്ള പ്രോസിക്യൂഷൻ വാദം വ്യാഴാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടന്നു. ഇക്കാര്യത്തിൽ പ്രതിഭാഗത്തിന്റെ എതിർവാദം കേൾക്കാൻ കേസ് 13-ലേക്ക് മാറ്റി.