ന്യൂഡൽഹി
ദ്രൗപദി മുർമുവിനെപ്പോലൊരു രാഷ്ട്രപതിയെ ഒരു രാജ്യത്തിനും ലഭിക്കരുതെന്ന കോൺഗ്രസ് നേതാവ് ഉദിത്ത് രാജിന്റെ ട്വീറ്റ് വിവാദമാകുന്നു. അഹമ്മദാബാദിൽ സർക്കാർ ഒരുക്കിയ സ്വീകരണച്ചടങ്ങിൽ രാജ്യത്തെ ഉപ്പുൽപ്പാദനത്തിന്റെ 76 ശതമാനവും ഗുജറാത്തിലാണെന്ന് രാഷ്ട്രപതി പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ഉദിത്ത് രാജിന്റെ ട്വീറ്റ്.
എഴുപത് ശതമാനം പേർ ഗുജറാത്ത് ഉപ്പ് കഴിക്കുന്നുവെന്നാണ് ദ്രൗപദി മുർമു പറയുന്നത്. ഉപ്പ്മാത്രം കഴിച്ച് ജീവിക്കുന്നകാലത്ത് അവർക്ക് കാര്യം മനസ്സിലാകും–- ഉദിത്ത് രാജ് പറഞ്ഞു. രാഷ്ട്രപതിയെ അവഹേളിച്ചുവെന്ന്കാട്ടി ബിജെപി നേതാക്കൾ രംഗത്തുവന്നു. എന്നാൽ, പരാമർശം തന്റേത് മാത്രമാണെന്നും കോൺഗ്രസിന് അതുമായി ബന്ധമില്ലെന്നും ഉദിത്ത് രാജ് വീണ്ടും ട്വീറ്റുചെയ്തു. വിശദീകരണം ആവശ്യപ്പെട്ട് ദേശീയ വനിതാ കമീഷൻ നോട്ടീസയച്ചു. ഉദിത്ത് രാജ് മാപ്പുപറയണമെന്ന് കമീഷൻ അധ്യക്ഷ രേഖാ ശർമ പറഞ്ഞു.