പാലക്കാട്
‘‘എനിക്ക് ഒന്നേ ഉള്ളു, അവൾപോയി. ജീവനായിരുന്നു എന്റെ കുട്ടി’’ –- പത്താം ക്ലാസുകാരി ദിയയുടെ അച്ഛൻ രാജേഷിന് വിതുമ്പലടക്കാനാകുന്നില്ല. ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപം മൃതദേഹം ഏറ്റുവാങ്ങാൻ നാലുമണിക്കൂറോളമാണ് ഈ അച്ഛൻ കരച്ചിലടക്കാനാവാതെ ഇരുന്നത്.
കാത്തിരുന്നു കിട്ടിയ കണ്മണിയാണ്. പഠനത്തിലും കലാരംഗത്തും മികവുപുലർത്തി. വിനോദയാത്രയ്ക്ക് പോകണ്ടെന്ന് പറഞ്ഞതാണ്. ഒടുവിൽ അവളുടെ ആഗ്രഹം നടക്കട്ടെയെന്ന് കരുതി. മരണത്തിലേക്കാണെന്ന് സ്വപ്നത്തിൽപോലും വിചാരിച്ചില്ല. അയൽവാസികൾ പുലർച്ചെ ടിവിയിൽ അപകടവാർത്ത കണ്ടാണ് വിവരം അറിയിച്ചത്. പിന്നീട് സ്കൂളിൽ അന്വേഷിച്ചു. മകൾ പോയെന്ന വിവരമറിഞ്ഞപ്പോൾ തളർന്നു. ഉടൻ പാലക്കാട് ചിറ്റൂരുള്ള ബന്ധുവിനെ വിളിച്ചറിയിച്ചു– രാജേഷ് പറഞ്ഞു.
അപകടവാർത്ത അറിഞ്ഞതുമുതൽ എറണാകുളം തിരുന്നിക്കര പൈങ്ങാരപ്പിള്ളി രശ്മി നിലയത്തിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അമ്മ സിജിയുടെ മുന്നിൽ മകളുടെ ചേതനയറ്റ ശരീരവുമായി എങ്ങനെ മടങ്ങിയെത്തുമെന്ന രാജേഷിന്റെ ചോദ്യം ജില്ലാ ആശുപത്രിയിലെത്തിയവരുടെ കണ്ണ് നനയിച്ചു.