കൊച്ചി
അമ്മയുടെ ക്ലാസിലിരുന്ന് പഠിക്കാൻ ഇനി മീനാക്ഷിയില്ല. മറ്റു കുട്ടികൾക്കൊപ്പം ക്ലാസിലിരുത്തി പഠിപ്പിച്ചിരുന്ന മകൾ നഷ്ടമായ വേദനയിലാണ് ബസേലിയോസ് വിദ്യാനികേതൻ സ്കൂൾ ഇംഗ്ലീഷ് അധ്യാപിക ആശ അജിത്. ആശയും വിനോദയാത്രാസംഘത്തിൽ ഉണ്ടായിരുന്നു. അപകടത്തിനു അൽപസമയംമുമ്പ് ബസിൽ ആശയെ കെട്ടിപ്പിടിച്ച് അഞ്ജനയുണ്ടായിരുന്നു.
കൂട്ടുകാരുടെ പ്രിയപ്പെട്ട അഞ്ജന വീട്ടിൽ മീനാക്ഷിയായിരുന്നു. അപകടത്തിൽ നെറ്റിയിലും കൈയ്ക്കും മുറിവേറ്റ ആശ അപ്പോൾ മുതൽ മകളെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. സഹോദരൻ അഭിലാഷും മറ്റു ബന്ധുക്കളുമെത്തി വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴും മകളെക്കുറിച്ചായിരുന്നു ആശങ്കയത്രയും. അതുവരെ ഒപ്പമുണ്ടായിരുന്ന മകൾ ആശുപത്രിയിലാണ് എന്നുമാത്രമാണ് ആദ്യം ആശയെ അറിയിച്ചത്. വീട്ടിലെത്തിയശേഷവും അഞ്ജനയുടെ മരണവാർത്ത ആശയെ അറിയിക്കാൻ ബന്ധുക്കൾക്കും കരുത്തില്ലായിരുന്നു. ഓടിക്കളിച്ചുനടന്ന വീട്ടിലേക്ക് അഞ്ജനയുടെ മൃതദേഹം ആംബുലൻസിൽ എത്തിച്ചപ്പോൾ വാവിട്ടുകരഞ്ഞ ആശയെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും വിഷമിച്ചു. രക്തംപുരണ്ട വസ്ത്രങ്ങളുമായി അഞ്ജനയ്ക്ക് അന്ത്യചുംബനം നൽകുമ്പോഴും തൊട്ടടുത്തുണ്ടായിട്ടും മകളെ രക്ഷിക്കാൻ കഴിയാത്തതിന്റെ നൊമ്പരത്തിൽ ആശ പൊട്ടിക്കരഞ്ഞു. ആശയുടെ വേദന കണ്ടുനിന്നവരിലേക്കും കണ്ണീരായി പടർന്നു. ഒന്നും മിണ്ടാനാകാത്ത അവസ്ഥയിലായിരുന്നു അച്ഛൻ അജിത്. ഇരുമ്പനം ട്രാക്കോ കേബിൾ ജീവനക്കാരനാണ് അജിത്.
അഞ്ജനയുടെ മൃതദേഹം തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ വ്യാഴം രാത്രി ഏഴോടെ സംസ്കരിച്ചു. ഇളയമകൾ കല്യാണിയെ സഹോദരന്റെ ഇടപ്പള്ളിയിലെ വീട്ടിലാക്കിയാണ് ആശ യാത്ര പുറപ്പെട്ടത്.