തിരുവനന്തപുരം> ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തുന്ന പ്രത്യേക പരിശോധനയിൽ 20 ദിവസത്തിനിടെ അറസ്റ്റിലായത് 593 പേർ. സെപ്തംബർ 16 മുതൽ ഒക്ടോബർ അഞ്ച് വരെ 581 കേസ് രജിസ്റ്റർ ചെയ്തു. 99.5 കിലോഗ്രാം കഞ്ചാവ്, 167 കഞ്ചാവ് ചെടി, 850 ഗ്രാം എംഡിഎംഎ, 1401 ഗ്രാം മെത്താംഫിറ്റമിൻ, 11 ഗ്രാം എൽഎസ്ഡി സ്റ്റാമ്പ്, 149 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിലെ ആറ് പ്രഖ്യാപിത കുറ്റവാളികൾ ഉൾപ്പെടെ വാറന്റിലെ 232 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
പരിശോധന നവംബർ ഒന്ന് വരെ തുടരും. ഇതിന്റെ ഭാഗമായി എല്ലാ ഓഫിസിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കും. ലഹരി കേസുകളിൽ ഉൾപ്പെട്ട 2195 കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കി പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. വിദ്യാലയ പരിസരങ്ങളിൽ ലഹരി ഉൽപ്പന്നങ്ങളുടെ വിതരണം തടയാനായി പ്രത്യേക പരിശോധനയും നടപ്പാക്കുന്നുണ്ട്.