പാലക്കാട്
വടക്കഞ്ചേരിയിലെ അപകട വിവരം അറിഞ്ഞയുടൻ ഗുരുവായൂരിൽനിന്ന് പുലർച്ചെ നാലിന് മന്ത്രി എം ബി രാജേഷ് തൃശൂർ മെഡിക്കൽ കോളേജിലെത്തി. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സയ്ക്ക് നിർദേശം നൽകി. തുടർന്ന് വടക്കഞ്ചേരിയിലെ അപകട സ്ഥലം, മതദേഹങ്ങൾ സൂക്ഷിച്ച ആലത്തൂർ താലുക്ക് ആശുപത്രി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. മന്ത്രി കെ രാധാകൃഷ്ണൻ, തരൂർ എംഎൽഎ പി പി സുമോദ് എന്നിവരും തൃശൂർ മെഡിക്കൽ കോളേജിലെത്തിയിരുന്നു.
മന്ത്രി കെ കൃഷ്ൺകുട്ടി, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ, ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു എന്നിവർ അപകട സ്ഥലവും ആശുപത്രികളും സന്ദർശിച്ചു. കലക്ടർ മൃൺമയി ജോഷി, തൃശൂർ ഡിഐജി വിമലാതിദ്യ, ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്, ആലത്തൂർ ഡിവൈഎസ്പി ആർ അശോകൻ, എൻഫോഴ്സ്മെന്റ് ആർടിഒ എം കെ ജയേഷ്കുമാർ, ആർടിഒ ടി എം ജെർസൺ എന്നിവരും സംഭവസ്ഥലം സന്ദർശിച്ചു.