ഇരിങ്ങാലക്കുട> സംസ്ഥാനത്ത് തീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങൾക്ക് ഒന്നിച്ചു താമസിക്കുന്നതിനുള്ള അസിസ്റ്റീവ് വില്ലേജുകൾ ഒരുക്കുമെന്ന് സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ലോക സെറിബ്രൽ പാൾസി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുട നിപ്മറിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
എല്ലാ പിന്തുണ സംവിധാനങ്ങളുമുള്ള ഇത്തരം വില്ലേജുകൾ ജില്ലകളിൽ ഒരുക്കുകയാണ് ലക്ഷ്യം. 24 മണിക്കൂറും കുഞ്ഞുങ്ങളോടൊപ്പം കഴിയുന്ന അച്ഛനമ്മമാർക്ക് അത്യാവശ്യകാര്യങ്ങൾ ചെയ്യുന്നതിനും തൊഴിലുകളിൽ ഏർപ്പെടുന്നതിനും കഴിയുംവിധത്തിൽ വില്ലേജുകളിൽ സ്വയംതൊഴിൽ സംവിധാനങ്ങൾ സജ്ജീകരിക്കാൻ കഴിയും.
സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കായുള്ള പ്രത്യേക പോഷകാഹാര പരിപാടിയുടേയും പരിശീലനാർഥികൾക്കുള്ള താമസ സൗകര്യത്തിന്റെയും ഉദ്ഘാടനവും നടന്നു.വിവിധ മേഖലകളിൽ മികവു തെളിയിച്ച സെറിബ്രൽ പാൾസി ബാധിതരായ സി എം അബ്ദുൾ ഹമീദ്, പി ജി മുഹമ്മദ് ഷുഹൈബ്, കെ പി ശ്യാം മോഹൻ, അമൽ ഇക്ബാൽ, ടി എസ് മുഹമ്മദ് ഷഹീദ് എന്നിവരെ മന്ത്രി ഫലകം നൽകി ആദരിച്ചു.
ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ അധ്യക്ഷനായി. പഞ്ചായത്തംഗം മേരി ഐസക്, നിപള്ർ എക്സി. ഡയറക്ടർ ഇൻചാർജ് സി ചന്ദ്രബാബു എന്നിവർ സംസാരിച്ചു. സെറിബ്രൽ പാൾസി – പ്രശ്നങ്ങളും പരിഹാരങ്ങളും വിഷയത്തിൽ പീഡിയാട്രിക് ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ. ദർശൻ ജയറാം ദാസ് ക്ലാസെടുത്തു. സെറിബ്രൽ പാൾസി ബാധിതരായ കുട്ടികളിലെ അസ്ഥിസംബന്ധമായ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന സെമിനാറിൽ പീഡിയാട്രിക് ഓർത്തോപീഡിക് സർജൻമാരായ ഡോ. അശോക് എൻ ജൊഹാരി, ഡോ. ടി ആർ ഈശ്വർ, ഡോ. രത്ന മഹേശ്വരി എന്നിവർ സംസാരിച്ചു.