ഷാർജ> എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന ലക്ഷ്യം മുൻനിർത്തി ഭാഷാ പഠനത്തിനുള്ള വിപുലമായ സാധ്യതകൾ പ്രയോജനപ്പെടുത്താൻ 60 രാജ്യങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മലയാളം മിഷൻ ക്ലബ്ബിന്റെ പൈലറ്റ് പ്രോജക്ട് ഉദ്ഘാടനം ഷാർജ ഇന്ത്യൻ സ്കൂളിൽ നടന്നു. സ്കൂളിലെ പാഠ്യപദ്ധതിയുടെ ഭാഗമായി മലയാളം പഠിക്കാത്തവർക്ക് ഭാഷ പഠിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ് ഈ പദ്ധതി. കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
പൈലറ്റ് പ്രോജക്റ്റിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ യുഎഇയിലെ രണ്ട് സ്കൂളുകളിലാണ് ആദ്യ ഘട്ടത്തിൽ മലയാളം മിഷൻ ക്ലബ്ബുകൾ രൂപീകരിക്കുക എന്ന് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയും, യുഎഇ കോഡിനേറ്റർ കെ എൽ ഗോപിയും അറിയിച്ചു. സാദ്ധ്യതകൾ പരിശോധിച്ച് കൂടുതൽ സ്കൂളുകളിലേക്ക് ഇത് വ്യാപിപ്പിക്കും. പാഠ്യപദ്ധതിയുടെ ഭാഗമായി മലയാളം പഠിക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂളിൽ വച്ചു തന്നെ ഇതിനുള്ള സൗകര്യമൊരുക്കുക എന്നതാണ് മലയാളം മിഷൻ ക്ലബ്ബിലൂടെ നിർവഹിക്കപ്പെടുന്നത്.
സ്കൂളിലെ തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകന്റെ നേതൃത്വത്തിൽ ഒരു വിദ്യാർത്ഥിയെ കൺവീനറായി നിയമിച്ചുകൊണ്ട് ക്ലബ്ബുകൾ പ്രവർത്തനം നടത്തും. നിലവിൽ മലയാളം മിഷൻ നടത്തിവരുന്ന കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി കോഴ്സുകൾ പഠിക്കാനുള്ള അവസരം മലയാളം മിഷൻ ക്ലബ്ബുകളിലൂടെ ലഭ്യമാകും. പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പിഎസ്സി അംഗീകരിച്ച നീലക്കുറിഞ്ഞി സീനിയർ ഡിപ്ലോമ പരീക്ഷ എഴുതാൻ സാധിക്കും. കേരളത്തിൽ പത്താംതരം വരെ മലയാളം പഠിച്ചതിന് തുല്യമായ ഒരു സർട്ടിഫിക്കറ്റാണ് ഇതുവഴി ലഭിക്കുക. പി എസ് സി ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് യോഗ്യത നേടാൻ മലയാളം അനിവാര്യമായിരിയ്ക്കെ ഇതിന്റെ പ്രസക്തി ഏറുകയാണ്. മലയാളികൾ അല്ലാത്ത വിദ്യാർത്ഥികൾക്കും മലയാളം മിഷൻ ക്ലബ്ബിലൂടെ മലയാളഭാഷ പഠിക്കാൻ സാധിക്കും.
ലോകമെമ്പാടും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മലയാളം മിഷൻ ക്ലബ്ബുകളുടെ പൈലറ്റ് പ്രോജക്റ്റിന്റെ ഉദ്ഘാടനം ഷാർജ ഇന്ത്യൻ സ്കൂളിൽ നടന്നു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും മലയാളം മിഷൻ ഷാർജ ചാപ്റ്റർ ചെയർമാനുമായ അഡ്വ. വൈ എ റഹീം അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ യുഎഇ കോർഡിനേറ്റർ കെഎൽ ഗോപി, ഷാർജ ചാപ്റ്റർ പ്രസിഡൻറ് ശ്രീകുമാരി ആൻറണി, ഷാർജ ചാപ്റ്റർ ഉപദേശക സമിതി ചെയർമാൻ ആർ പി മുരളി, ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി നസീർ, ജോ: ട്രഷറർ ബാബു വർഗീസ്, സി.ഇ. ഒ . കെ. ആർ. രാധാകൃഷ്ണൻ നായർ , സ്കൂൾ പ്രിൻസിപ്പൽ ഡോ. പ്രമോദ് മഹാജൻ, അജ്മാൻ ചാപ്റ്റർ സെക്രട്ടറി ജാസിം മുഹമ്മദ്, ചാപ്റ്റർ സമിതി അംഗം സുനിൽരാജ്, റോയ്എ മാത്യു, കെ. ടി. നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.