മനാമ > തൊഴില്‍ അന്വേഷകര്‍ക്കായി സ്പോണ്‍സറുടെ ആവശ്യമില്ലാത്ത പ്രത്യേകവിസകള് അനുവദിക്കാന്‍ യുഎഇ തീരുമാനം. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്കില്‍ തലങ്ങളില്‍ വരുന്ന ജോലികള്‍ക്കായാണ് ഈ വിസ അനുവദിക്കുക. കൂടാതെ, മികച്ച 500 സര്‍വകലാശാലകളില്‍നിന്ന് പുറത്തിറങ്ങുന്ന തൊഴില്‍ പരിചയമില്ലാത്ത ബിരുദധാരികള്‍ക്കും ജോലികണ്ടെത്താനുള്ള വിസ ലഭിക്കും. ഇതടക്കം വന്‍ മാറ്റങ്ങളുമായി യുഎഇയില്‍ പുതിയ വിസ ചട്ടം നിലവില്‍ വന്നു.
കൂടുതല്‍ പേരെ യു.എ.ഇ. യിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിസചട്ടങ്ങള്‍ പരിഷ്കരിച്ചത്. പുതിയ വിസ ചട്ടമനുസരിച്ച് വിസ കാലാവധി കഴിഞ്ഞാല്‍ രാജ്യം വിടാന്‍ ആറ് മാസത്തെ കാലാവധി ലഭിക്കും. റസിഡന്‍സി വിസ കാലഹരണപ്പെട്ടുകഴിഞ്ഞാല്‍ പ്രവാസികള്‍ക്ക് രാജ്യം വിടാനോ മറ്റൊരു വിസ ലഭിക്കാനോ 30 ദിവസത്തെ ഗ്രേസ് പീരിയഡാണ് ലഭിച്ചിരുന്നത്. ആറു മാസം ഗ്രേസ് പീരിയഡ് ലഭിക്കുന്നത് പ്രവാസികള്‍ക്ക് പുതിയ ജോലി കണ്ടെത്താന്‍ ഉപകാരപ്പെടും. എന്നാല്‍, എല്ലാ വിസകള്‍ക്കും ഇത് ബാധകമാണോ എന്ന് വ്യക്തമല്ല.
തൊഴിലുടമയോ സ്പോണ്സറോ ആവശ്യമില്ലാത്ത അഞ്ചുവര്‍ഷം കാലാവധിയുള്ള ഗ്രീന്‍ റെസിഡന്റ് വിസയാണ് മറ്റൊരു പ്രധാന സവിശേഷത. ഇവര്‍ക്ക് സാധുതയുള്ള തൊഴില്‍ കരാറും ഒപ്പം കുറഞ്ഞത് 3,33,000 രൂപ ശമ്പളവും ഉണ്ടായിരിക്കണം. ഇവര്‍ക്ക് അടുത്ത ബന്ധുക്കളെയും സ്പോണ്സര്ഷിപ്പില് കൊണ്ടുവരാം. ഫ്രീലാന്‍സര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും ഈ വിസക്ക് അപേക്ഷിക്കാം.
പ്രവാസികള്‍ക്ക് ആണ്മക്കളെ 25 വയസ്സുവരെ സ്വന്തം സ്പോണ്സര്ഷിപ്പില് കൂടെ താമസിപ്പിക്കാം. നേരത്തേ ഇത് 18 വയസ്സായിരുന്നു. അവിവാഹിതരായ പെണ്മക്കളെയും ഭിന്നശേഷിക്കാരായ കുട്ടികളെയും പ്രായപരിധി പരിഗണിക്കാതെ സ്പോണ്‍സര്‍ചെയ്യാം.
സന്ദര്‍ശക വിസകളിലും മാറ്റം വരുത്തി. എല്ലാ വിസിറ്റ് വിസകളും സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യങ്ങളോടെ ലഭ്യമാകും. നേരത്തേ സന്ദര്‍ശകവിസ കാലാവധി 30 ദിവസത്തില്‍ നിന്ന് 60 ദിവസമാക്കി വര്‍ധിപ്പിച്ചു. അഞ്ചുവര്‍ഷം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കും സ്പോണ്സര് ആവശ്യമില്ല. രാജ്യത്ത് 90 ദിവസം വരെ തുടര്‍ച്ചയായി താമസിക്കാന്‍ ഈ വിസകളില്‍ അനുമതിയുണ്ടാകും. ഇത് ആവശ്യമെങ്കില്‍ പിന്നീട് 90 ദിവസത്തേക്കുകൂടി നീട്ടാം. എന്നാല്‍ ഒരുവര്‍ഷം 180 ദിവസത്തില്‍ കൂടുതല്‍ യുഎഇ യില്‍ താമസിക്കാനാവില്ല. 5000 ഡോളറിന് തുല്യമായ ബാങ്ക് ബാലന്‍സ് ഉണ്ടെന്ന് തെളിയിക്കണം.
ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ ആവശ്യമായിരുന്ന മിനിമം മാസ ശമ്പള പരിധി 50,000 ദിര്‍ഹം (ഏതാണ്ട് 11,10,000 രൂപ) എന്നത് 30,000 ദിര്‍ഹ(ഏതാണ്ട് 6,66,000 രൂപ)മായി കുറച്ചു. മെഡിസിന്, എന്‍ജിനിയറിങ്, ഐടി., സയന്‍സ്, ബിസിനസ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്, എജ്യുക്കേഷന്‍, കള്‍ച്ചര്‍ ആന്‍ഡ് സോഷ്യല്‍ സയന്‍സ്, നിയമം തുടങ്ങിയ മേഖലകളില്‍നിന്നുള്ളവര്‍ക്ക് ഗോള്‍ഡന്‍ വിസക്ക് അപേക്ഷിക്കാം.