ന്യൂഡൽഹി
രാജ്യത്ത് ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും വർധിച്ചുവരികയാണെന്ന് തുറന്നുസമ്മതിച്ച് ആർഎസ്എസ്. ഇന്ത്യയിൽ ദാരിദ്ര്യം രാക്ഷസരൂപംപൂണ്ട് നിൽക്കുകയാണെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞു. ആ രാക്ഷസനെ സംഹരിക്കുക പ്രധാന വെല്ലുവിളിയാണ്. 20 കോടിയിലേറെ ജനങ്ങൾ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. 23 കോടിയിലധികം ആൾക്കാർക്ക് ദിവസം 375 രൂപയ്ക്കു താഴെ മാത്രമാണ് വരുമാനം. നാലു കോടിയിലധികമാണ് തൊഴിൽരഹിതർ. ലേബർ ഫോഴ്സ് സർവേ അനുസരിച്ച് തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമാണെന്നും- സംഘപരിവാർ സംഘടനയായ സ്വദേശി ജാഗരൺ മഞ്ചിന്റെ വെബിനാറിൽ ദത്താത്രേയ ഹൊസബലെ പറഞ്ഞു.
ജനസംഖ്യയുടെ ഒരു ശതമാനം രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ അഞ്ചിൽ ഒന്നും (20 ശതമാനം) കൈയടക്കി വയ്ക്കുന്നത് നല്ല സാഹചര്യമാണോ? ഭൂരിഭാഗം മേഖലകളിലും ജനങ്ങൾക്ക് നല്ല വെള്ളമോ പോഷകാഹാരങ്ങളോ ലഭിക്കുന്നില്ലെന്നും- ഹൊസബലെ പറഞ്ഞു. നിലവിലെ സാമ്പത്തികനയങ്ങളാണ് ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും കാരണമെന്ന വിമർശം ആർഎസ്എസ് മുമ്പും ഉയർത്തിയിട്ടുണ്ട്.