ഉള്ളിലൊന്ന് പുറമേയ്ക്ക് മറ്റൊന്ന് എന്നതായിരുന്നില്ല കോടിയേരി ബാലകൃഷ്ണൻ എന്ന രാഷ്ട്രീയക്കാരന്റെ ശൈലി. കാർക്കശ്യവും കണിശതയും കൂർപ്പിച്ച് നിർത്തുമ്പോഴും സ്നേഹസ്പർശത്തിന് അദ്ദേഹം മടികാണിച്ചില്ല. ഇണക്കവും പിണക്കവും ഒരുപോലെ ചാലിച്ച് രാഷ്ട്രീയ എതിരാളികളെയും മാധ്യമങ്ങളെയും നേരിട്ട അപൂർവം നേതാക്കളിൽ ഒരാളാണ് കോടിയേരി. നിയമസഭയിൽ ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും എതിർചേരിയുടെ സ്വാസ്ഥ്യം കെടുത്തുന്നതിൽ അദ്ദേഹം മുൻപന്തിയിൽ നിലകൊണ്ടു. വ്യക്തിപരമായ കടന്നാക്രമണങ്ങളെപ്പോലും ചിരിതൂകി നേരിട്ടു. മന്ത്രി, നിയമസഭാ സാമാജികൻ, പാർടി സംഘാടകൻ എന്നീ നിലകളിലെല്ലാം കോടിയേരിയെപ്പോലെ തിളങ്ങിയവർ അപൂർവം. പാർടികളുടെ അതിർവരമ്പുകൾ കടന്ന് അദ്ദേഹം സൗഹൃദം കാത്തുസൂക്ഷിച്ചു.
മാധ്യമപരിലാളന കൊതിക്കാതെ
മാധ്യമപരിലാളനയ്ക്ക് വശംവദനാകാത്ത പ്രകൃതത്തിനുടമയായിരുന്നെങ്കിലും മാധ്യമപ്രവർത്തകരോടും സൗഹൃദം സൂക്ഷിച്ചു. വാർത്താസമ്മേളനങ്ങളിൽ എത്ര മുനവച്ച ചോദ്യങ്ങളാണെങ്കിലും നിറഞ്ഞ ചിരിയോടെ നേരിട്ടു. സൗമ്യതയുടെ ഈ നയതന്ത്രം മാധ്യമങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കോടിയേരിക്ക് വഴിയൊരുക്കി. പാർടി സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ അറിയിക്കാൻ വിളിച്ചുചേർത്ത ഒരു വാർത്താസമ്മേളനത്തിൽ ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യം മകനുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചായിരുന്നു. ‘നിങ്ങൾ മാനസികമായി എന്നെ തകർക്കണമെന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇതുകൊണ്ടെന്നും ഞാൻ തകരാൻ പോകുന്നില്ല. ഇതിനേക്കാൾ കൂടുതൽ കഥ നിങ്ങൾ ഉണ്ടാക്കും. മാധ്യമങ്ങളുടെ വിചാരണയും പരിശോധനയും ഒരു ഭാഗത്ത് നടക്കട്ടെ. മകൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കട്ടെ, തൂക്കി കൊല്ലട്ടെ.’ ഈ മറുപടി നൽകുമ്പോഴും ആ മുഖം ചിരിതൂകിയതേയുള്ളൂ. കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വേട്ടയാടിയപ്പോഴും അദ്ദേഹം പതറിയില്ല. പാർടി സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവയ്ക്കുമോയെന്ന് മറ്റൊരു അവസരത്തിൽ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ‘നിങ്ങൾക്ക് അങ്ങനെ ഒരു ആവശ്യമുണ്ടോ’യെന്ന കോടിയേരിയുടെ മറുചോദ്യം കൂട്ടച്ചിരി പടർത്തി. രാഷ്ട്രീയ ആക്രമണം ആണെങ്കിലും മനസ്സില്ലാ മനസ്സോടെയാണ് മാധ്യമപ്രവർത്തകർ അതിന് തുനിഞ്ഞതെന്നതാണ് വസ്തുത.
നിയമസഭയിലെ
കോടിയേരി
അഞ്ചുവട്ടം നിയമസഭാംഗവും ഒരുതവണ ആഭ്യന്തരമന്ത്രിയുമായ കോടിയേരി പൊതുസ്വീകാര്യതയിൽ ഏറെ മുന്നിലായിരുന്നു. സഭയ്ക്കുള്ളിൽ എതിരാളികളെ പൊള്ളിക്കുമെങ്കിലും അത് അവിടെ തീരും. സഭയ്ക്ക് പുറത്ത് എത്തിയാൽ തോളിൽ കൈയിടുന്ന ഊഷ്മള സാമീപ്യമായിരുന്നു പലർക്കും. ആ വ്യക്തി വൈശിഷ്ട്യത്തിനു മുമ്പിൽ പകച്ചുനിന്നവരും ഏറെ. 2001‐06 കാലത്ത് പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിക്കും മറ്റുമെതിരെ എത്രയോവട്ടം കത്തിക്കയറി. പ്രതിപക്ഷത്തായിരിക്കുമ്പോൾ സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള ഒരു അവസരവും പാഴാക്കിയില്ല. കണ്ണും കാതും കൂർപ്പിച്ചുള്ള കോടിയേരിയുടെ രീതി സർക്കാരിനെ പലവട്ടം പ്രതിക്കൂട്ടിലാക്കി. ഞൊടിയിടയ്ക്കുള്ളിൽ സഭ ഇളക്കിമറിക്കുമ്പോഴും പ്രതിഷേധം പരിധിവിട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കും. കോടിയേരിയുടെ ഈ സമീപനം ജനാധിപത്യത്തിൽ എത്രമാത്രം പ്രസക്തമാണെന്ന് ആന്റണിതന്നെ പരസ്യമായി ശ്ലാഖിച്ചിട്ടുണ്ട്.