തിരുവനന്തപുരം: അഞ്ചരപ്പതിറ്റാണ്ടിലേറെ നീണ്ട പൊതുപ്രവർത്തനത്തിൽ കോടിയേരി ജനക്കൂട്ടത്തിൽനിന്ന് വിട്ടുനിന്നത് ചെറിയൊരു കാലയളവുമാത്രം.
രോഗപീഡകൾ കാരണം ആശുപത്രിയിലായിരിക്കുമ്പോഴല്ലാതെ പാർടി പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നിട്ടില്ല. അർബുദരോഗ ചികിത്സയ്ക്കായി ഒരു വർഷം സെക്രട്ടറിസ്ഥാനത്തുനിന്ന് അവധിയെടുത്തപ്പോഴും അതിന് മാറ്റമുണ്ടായില്ല. എൽഡിഎഫ് തുടർഭരണം നേടിയ ചരിത്രപോരാട്ടത്തിൽ പാർടിയെയും മുന്നണിയെയും ഒറ്റച്ചരടിൽ കോർത്ത് മുന്നോട്ട് നയിച്ചത് അസാമാന്യ സംഘടനാമികവിന്റെ തെളിവാണ്.
രോഗം മൂർച്ഛിച്ച ഘട്ടങ്ങളിലും അവശത മറന്ന് പാർടി യോഗങ്ങളിൽ പങ്കെടുക്കുകയും തീരുമാനങ്ങൾ വാർത്താസമ്മേളനങ്ങളിൽ വിശദീകരിക്കുകയും ചെയ്ത കോടിയേരി ഏവരുടെയും മനം കവർന്നു. കമ്യൂണിസ്റ്റുകാരന്റെ ദൃഢനിശ്ചയവും നേതൃപാടവവും കണിശതയും കാത്തുസൂക്ഷിച്ചപ്പോഴും സൗമ്യമായ ഇടപെടലിലൂടെ ഏവർക്കും പ്രിയങ്കരനായി. ചരിത്രം കുറിച്ച എൽഡിഎഫ് തുടർഭരണത്തിനു പിന്നിൽ അദ്ദേഹത്തിന്റെ വിശ്രമരഹിതമായ പ്രയത്നമുണ്ടായിരുന്നു. സർക്കാരിനെയും പാർടിയെയും മുന്നണിയെയും ഒറ്റക്കെട്ടായി നിർത്തി ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കാൻ നേതൃത്വം നൽകി.
ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അവഗണിച്ച് പാർടി കാര്യങ്ങൾക്ക് മുൻഗണന നൽകി. അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് എതിരാളികൾ വേട്ടയാടിയപ്പോഴെല്ലാം ചിരിച്ച മുഖത്തോടെ നേരിട്ടു. മാധ്യമങ്ങളോട് രാഷ്ട്രീയ വ്യക്തതയോടെ പ്രതികരിച്ചു. വ്യക്തിപരമായി ആക്രമിക്കുന്ന ചോദ്യങ്ങൾക്കും സംയമനത്തോടെ കുറിക്കുകൊള്ളുന്ന മറുപടി നൽകി. സംഘടനാരംഗത്തും പാർലമെന്ററിരംഗത്തും ഒരുപോലെ ശോഭിച്ച അദ്ദേഹത്തിന്റെ ആഭിമുഖ്യം എന്നും ജനങ്ങളോടും പാർടിയോടുമായിരുന്നു. ലളിതവും സരസവുമായ ഭാഷയിൽ സംസാരിച്ച അദ്ദേഹം ജനലക്ഷങ്ങളെ കൈയിലെടുത്തു. ഉജ്വലമായ പ്രസംഗങ്ങളിലൂടെ നിയമസഭാ ചരിത്രത്തിലും സവിശേഷ ഇടംനേടി. എംഎൽഎയായപ്പോഴും മന്ത്രിയായപ്പോഴും സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻഗണന നൽകി.
വായനയുടെ കരുത്തിൽ
വളർന്ന നേതാവ്
കോടിയേരി ബാലകൃഷ്ണനെന്ന നേതൃഗുണമുള്ള രാഷ്ട്രീയ പ്രവർത്തകനെ സൃഷ്ടിച്ചതിൽ വായനയ്ക്കുമുണ്ട് വലിയൊരു പങ്ക്. 1960കളിൽ വായനശാലയിലും ബീഡിക്കമ്പനിയിലും ദേശാഭിമാനി പത്രം വായിക്കാനെത്തിയിരുന്ന ബാലകൃഷ്ണനെന്ന കുട്ടിയെ ആദ്യം ശ്രദ്ധിച്ചത് ബീഡിത്തൊഴിലാളികളാണ്. അവർക്ക് പത്രം വായിച്ചുകൊടുക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു.
എ കെ ജി സെന്ററിലെ ഓഫീസ് മുറിയിലും വീട്ടിലും പുസ്തകങ്ങളുടെ വലിയ ശേഖരം സൂക്ഷിച്ചിരുന്നു. എത്ര തിരക്കുള്ള ദിവസവും എഴുത്തിനും വായനയ്ക്കുമായി നിശ്ചിത സമയം മാറ്റിവയ്ക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ദേശാഭിമാനി പത്രത്തിലും വാരികയിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും ഉൾപ്പെടെ നിരന്തരം ലേഖനങ്ങൾ എഴുതി. തന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അടിത്തറ ദേശീയ വായനശാലയും ഗ്രന്ഥശാലയുമായുള്ള നിത്യസമ്പർക്കത്തിലൂടെ ആർജിച്ച അറിവും തിരിച്ചറിവും ആയിരുന്നെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് മിസ നിയമപ്രകാരം തടവിൽ കഴിഞ്ഞപ്പോഴും പുസ്തകങ്ങൾ കൂട്ടിനുണ്ടായിരുന്നു. നിയമസഭയിൽ ആദ്യമായി എത്തിയ 1982ൽ കോടിയേരി മുൻ സാമാജികരുടെ പ്രസംഗങ്ങൾ നിയമസഭാ ലൈബ്രറിയിൽനിന്ന് വായിച്ചു മനസ്സിലാക്കിയിരുന്നതായി കെ വി മധു എഴുതി ചിന്ത പ്രസിദ്ധീകരിച്ച സഭാ പ്രവേശം എന്ന പുസ്തകത്തിൽ പറയുന്നു.
പത്ത് പേജിൽ പറ്റാത്തത്
ഒറ്റ പ്രസംഗത്തിൽ
‘ചില ഐപിഎസുകാർ പറഞ്ഞു; കോടിയേരിയാണ് മന്ത്രിയെന്ന് കേട്ടപ്പോൾ ആദ്യം കരുതി ഭീകരനായിരിക്കുമെന്ന്. ചെന്നുകണ്ടപ്പോഴാണ് മനസ്സിലായത്, എത്ര ക്ഷമയോടെയാണ് പ്രശ്നങ്ങൾ കേട്ട് പരിഹാരം നിർദേശിച്ചത്’ –- സി രാമചന്ദ്രൻ ഓർക്കുന്നു. 2006–-11ൽ കോടിയേരിയുടെ ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവായിരുന്നു മുൻ ചീഫ് സെക്രട്ടറിയായ അദ്ദേഹം. ‘ആദ്യമായി മന്ത്രിയായി ഇത്ര പക്വതയോടെ വകുപ്പ് കൈകാര്യം ചെയ്തവർ വിരളമാണ്. അതും ആഭ്യന്തരവകുപ്പ്. സമയനിഷ്ഠ, തീരുമാനങ്ങൾ എന്നിവയിലൊന്നും വിട്ടുവീഴ്ചയുണ്ടായിരുന്നില്ല.
വേഗത്തിൽ ഗ്രഹിക്കും, ആരെയും മുഷിപ്പിക്കാതെ വ്യക്തമായി തീരുമാനം പറയും. ഞങ്ങൾ നിയമവശം പറയുമ്പോൾ അദ്ദേഹം ഓർക്കുന്നത് ജനങ്ങളെയാണ്. പത്തു പേജ് എഴുതിയാലും ഉദ്യോഗസ്ഥർക്ക് പറ്റാത്തത് ഒറ്റ പ്രസംഗത്തിൽ ബോധ്യപ്പെടുത്തും. എല്ലാ അഭിപ്രായവും ശ്രദ്ധിക്കും. തനിക്കറിയാവുന്ന കാര്യമാണ് പറയുന്നതെങ്കിലും നിരുത്സാഹപ്പെടുത്താറില്ല. പറയുന്നയാളുടെ വീക്ഷണം അറിയാനാണത്. അമേരിക്കയിൽനിന്ന് ചികിത്സ കഴിഞ്ഞ് എത്തിയപ്പോൾ വിളിച്ചിരുന്നു, ‘വന്നു, ഇതൊക്കെ നേരിടുകയല്ലേ നിവൃത്തിയുള്ളു’ എന്നായിരുന്നു മറുപടി. പോയിക്കണ്ടില്ല, സൗമ്യപ്രഭയുള്ള ആഭ്യന്തരമന്ത്രിയുടെ മുഖം മനസ്സിലുണ്ടല്ലോ –- സി രാമചന്ദ്രൻ പറഞ്ഞു.