തിരുവനന്തപുരം
സിപിഐ സംസ്ഥാന സമ്മേളനത്തിന് വെള്ളിയാഴ്ച പതാക ഉയരും. വൈകിട്ട് നാലിന് പി കെ വി നഗറിൽ (പുത്തരിക്കണ്ടം മൈതാനം) ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തും. തുടർന്ന് പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ശനി രാവിലെ 10ന് വെളിയം ഭാർഗവൻ നഗറിൽ (ടാഗോർ തിയറ്റർ) പ്രതിനിധി സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. കാനം രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. വൈകിട്ട് ടാഗോർ തിയറ്ററിൽ ഫെഡറലിസവും കേന്ദ്ര–- സംസ്ഥാന ബന്ധങ്ങളും സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സംസാരിക്കും.
ഞായറും പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് നാലിന് ഗാന്ധിജിയും ഇന്നത്തെ ഇന്ത്യയും സെമിനാർ ഡോ. വന്ദന ശിവ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച പുതിയ സംസ്ഥാന കൗൺസിലിനെയും പാർടി കോൺഗ്രസ് പ്രതിനിധികളെയും തെരഞ്ഞെടുത്ത് പ്രതിനിധി സമ്മേളനം സമാപിക്കും. കൊടിമര, പതാക, ബാനർ ജാഥകൾ വെള്ളി വൈകിട്ട് നാലിന് പുത്തരിക്കണ്ടം മൈതാനത്ത് എത്തിച്ചേരും. വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ടി ടി ജിസ്മോന്റെ നേതൃത്വത്തിൽ എത്തിക്കുന്ന പതാക കാനം രാജേന്ദ്രൻ ഏറ്റുവാങ്ങും. ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കെ പി രാജേന്ദ്രന്റെ നേതൃത്വത്തിൽ എത്തിക്കുന്ന ബാനർ കെ പ്രകാശ് ബാബു സ്വീകരിക്കും. നെയ്യാറ്റിൻകര സ്വദേശാഭിമാനി–- വീരരാഘവൻ സ്മൃതി മണ്ഡപത്തിൽനിന്ന് ജെ വേണുഗോപാലൻ നായരുടെ നേതൃത്വത്തിൽ എത്തിക്കുന്ന കൊടിമരം സത്യൻ മൊകേരിക്ക് കൈമാറും.