കൊച്ചി
സംസ്ഥാനത്തെ മില്ലുടമകൾ നെല്ലുസംഭരണം നിർത്തുന്നതായി കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സർക്കാരും അസോസിയേഷൻ ഭാരവാഹികളും നടത്തിയ ചർച്ചകൾക്കുശേഷം ചേർന്ന മില്ലുടമകളുടെ യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ കെ എൻ ബാലഗോപാലിന്റെയും ജി ആർ അനിലിന്റെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നാണ് അറിയിച്ചത്. എന്നാൽ, വർഷങ്ങളായി ആവശ്യങ്ങളിൽ ഒന്നുപോലും നടപ്പാക്കുന്നില്ലെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അസോസിയേഷൻ പ്രസിഡന്റ് കെ കെ കർണൻ, ജനറൽ സെക്രട്ടറി വർക്കി പീറ്റർ എന്നിവർ പറഞ്ഞു.
പ്രളയത്തിനുമുമ്പുമുതൽ നെല്ല് അരിയാക്കിയ ഇനത്തിൽ മില്ലുടമകൾക്ക് ലഭിക്കാനുള്ള 15 കോടിയിലധികം രൂപ ഉടനെ വിതരണം ചെയ്യുക, സർക്കാർ നിയോഗിച്ച കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ടുപ്രകാരം ഒരു ക്വിന്റലിന് 272 രൂപ കൈകാര്യച്ചെലവായി നൽകുക, 2017 മുതൽ മില്ലുകൾക്ക് സർക്കാരിൽനിന്ന് ലഭിച്ച തുകയുടെ ജിഎസ്ടിയുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുക, ശേഖരിക്കുന്ന നെല്ലിന്റെ ഔട്ട്ടേൺ അനുപാതം 64.5 ശതമാനമായി തുടരുക എന്നിവയാണ് ആവശ്യങ്ങൾ. എഴുതി തയ്യാറാക്കിയ കരാർ വ്യവസ്ഥയുടെയും കൃത്യമായ ഉറപ്പിന്റെയും അടിസ്ഥാനത്തിൽമാത്രമേ നെല്ലുസംഭരണം ആരംഭിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.