കാസർകോട്
ശനിയാഴ്ച നടക്കുന്ന യുജിസി–-നെറ്റ് പരീക്ഷയ്ക്ക് സംസ്ഥാനത്തുള്ള പല വിദ്യാർഥികൾക്കും കേന്ദ്രം ലഭിച്ചത് വിദൂരസ്ഥലത്ത്. അന്തമാനിൽവരെ ലഭിച്ചവരുണ്ട്. ശനിയാഴ്ചത്തെ പരീക്ഷയുടെ ഹാൾടിക്കറ്റ് എത്തിയത് വ്യാഴാഴ്ച ഉച്ചയോടെ. ഏറ്റവും അടുത്ത പരീക്ഷാകേന്ദ്രമാണ് എല്ലാവരും ആദ്യ ഓപ്ഷൻ നൽകുക. പലർക്കും അവസാന ഓപ്ഷനാണ് കേന്ദ്രമായി കിട്ടിയതെന്നാണ് പരാതി.
പൂജ, ദസറ അവധി സമയമായതിനാൽ, വിദൂരസ്ഥലത്തേക്കുപോകാൻ ട്രെയിൻ, വിമാന ടിക്കറ്റും ലഭ്യമല്ല. സമാന സംഭവം കഴിഞ്ഞ ഡിസംബറിൽ നടന്ന പരീക്ഷയ്ക്കുമുണ്ടായി. തലശേരി ബ്രണ്ണനിൽ പഠിച്ച വിദ്യാർഥിക്ക് പഞ്ചാബിലാണ് കേന്ദ്രം കിട്ടിയത്. കേന്ദ്രം മാറില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചതുപ്രകാരം വിമാനത്തിൽ പഞ്ചാബിലെത്തി. അവസാന നിമിഷം പരീക്ഷാകേന്ദ്രം കേരളത്തിലേക്ക് മാറ്റി. അതോടെ ഈ വിദ്യാർഥിക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞതുമില്ല.