കൊച്ചി
ഖാദി ബോർഡ് ഓണക്കാലത്ത് 25 കോടി രൂപയുടെ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതായി വൈസ് ചെയർമാൻ പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2022–-23 സാമ്പത്തികവർഷം 150 കോടിയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നത്. ‘ഖാദി പഴയ ഖാദിയല്ല’ എന്ന സന്ദേശമുയർത്തി വൈവിധ്യവൽക്കരണം നടപ്പാക്കുകയാണ്.
ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 12 വരെ ഖാദി ഉൽപ്പന്നങ്ങൾക്ക് 30 ശതമാനം സ്പെഷ്യൽ റിബേറ്റ് നൽകും. ജില്ല–-സംസ്ഥാന തലങ്ങളിൽ ഗാന്ധിജയന്തി ക്വിസ് മത്സരം സംഘടിപ്പിക്കും. ഡോക്ടർമാർക്കും നഴ്സുമാർക്കുമുള്ള ‘ഡോക്ടേഴ്സ് കോട്ടുകൾ’ ആഗസ്ത് രണ്ടിന് തിരുവനന്തപുരത്ത് വിപണിയിലിറക്കി. ഇതിന് ആവശ്യക്കാരേറെയാണ്. ഖാദി ഉൽപ്പന്നങ്ങൾ ഓൺലൈനിലും നല്ലരീതിയിൽ വിൽക്കുന്നുണ്ട്.
കൂടുതൽ ആധുനിക ഷോറൂമുകൾ തുറക്കാൻ നടപടി സ്വീകരിച്ചുവരികയാണ്. വസ്ത്രഡിസൈനർമാരുടെ സേവനം ഷോറൂമുകളിൽ ലഭ്യമാക്കി. എറണാകുളം കുന്നുകരയിൽ പുതിയ റെഡിമെയ്ഡ് യൂണിറ്റ് ആരംഭിക്കും. ഒക്ടോബർ 17ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. കലൂരിലെ ഷോറൂം ഉടൻ നവീകരിക്കും.
ഓണക്കാലത്തെ സമ്മാനപദ്ധതികളുടെ കൂപ്പൺ നറുക്കെടുപ്പ് ഒക്ടോബർ 15ന് ലോട്ടറിവകുപ്പ് നടത്തും. ഖാദി ബോർഡ് സെക്രട്ടറി ഡോ. കെ എ രതീഷ്, എറണാകുളം പ്രോജക്ട് ഓഫീസർ പി എ അഷിത എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.