തിരുവനന്തപുരം
നേരിന്റെ നാവായ സമ്പൂർണ ദിനപത്രം ദേശാഭിമാനിക്ക് കൂടുതൽ പ്രചാരണവുമായി കെഎസ്ആർടിസി ജീവനക്കാർ. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ (കെഎസ്ആർടിഇഎ) നേതൃത്വത്തിൽ ‘എന്റെ പത്രം ദേശാഭിമാനി’ പ്രചാരണ ക്യാമ്പയിന് വ്യാഴാഴ്ച തിരുവനന്തപുരത്ത് തമ്പാനൂർ സെൻട്രൽ സ്റ്റേഷനിൽ തുടക്കമായി. ദീർഘദൂര യാത്രക്കാരിൽ ദേശാഭിമാനി പത്രം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പയിൻ സിഐടിയു സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണൻ ഉദ്ഘാടനംചെയ്തു. 250 പത്രം വിതരണം ചെയ്തു.
എക്കാലവും നിസ്വവർഗത്തിന്റെ പക്ഷത്ത് നിലയുറപ്പിച്ച പത്രമാണ് ദേശാഭിമാനി. ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ തൊഴിലാളി സമൂഹത്തെയാകെ ആക്രമിക്കാനാണ് ഭൂരിപക്ഷം മാധ്യമങ്ങളും ശ്രമിക്കുന്നത്. ഇന്ത്യൻ തൊഴിലാളിവർഗം ഒറ്റക്കെട്ടായി മാർച്ച് 28നും 29നും നടത്തിയ ദ്വിദിന ദേശീയ പണിമുടക്കിനോട് കുത്തക മാധ്യമങ്ങൾ സ്വീകരിച്ച നിലപാട് ഉദാഹരണമാണ്. പണിമുടക്കിന് ആധാരമായി ട്രേഡ് യൂണിയനുകൾ മുന്നോട്ടുവച്ച ജീവൽപ്രധാനമായ ഒരു പ്രശ്നവും ചർച്ച ചെയ്യാനോ ജനങ്ങളിൽ എത്തിക്കാനോ തയ്യാറായില്ല. പണിമുടക്ക് ദിവസം തൊഴിലാളിവർഗത്തെ ആക്രമിക്കുന്ന പൊതുസമീപനമാണ് കുത്തക മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഹരികൃഷ്ണൻ പറഞ്ഞു.
കെഎസ്ആർടിഇഎ സംസ്ഥാന സെക്രട്ടറി വി ശാന്തകുമാർ, ഓർഗനൈസിങ് സെക്രട്ടറി എസ് സന്തോഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. വരുംദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രധാന ഡിപ്പോകൾ കേന്ദ്രീകരിച്ച് പ്രചാരണപരിപാടി സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി എസ് വിനോദ് അറിയിച്ചു.