കൊച്ചി
‘‘അസ്തമയ സൂര്യൻ വാരിവിതറുന്ന വർണങ്ങൾ കാണുമ്പോൾ നമ്മൾ വരാനിരിക്കുന്ന ഇരുട്ടിനെപ്പറ്റി മറന്നുപോകുന്നു. അതുപോലെ, കേന്ദ്രസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം എന്റെ ജീവിതസായാഹ്നത്തെ പ്രഭാപൂരിതമാക്കിയിരിക്കുന്നു. എന്നാൽ, ഇത് വ്യക്തിപരമായ നേട്ടമായി കാണുന്നില്ല. മലയാളഭാഷയ്ക്കും സാഹിത്യത്തിനുമുള്ള അംഗീകാരമാണിത്’’ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം സ്വീകരിച്ച് ഡോ. എം ലീലാവതി പറഞ്ഞു. മലയാളത്തിന്റെ എഴുത്തമ്മയുടെ വാക്കുകൾക്ക് നിറഞ്ഞ സദസ്സ് ഹൃദയാഭിവാദ്യം അർ
പ്പിച്ചു.
കൊച്ചി സർവകലാശാലയുടെ ഹിന്ദി വിഭാഗം സെമിനാർ ഓഡിറ്റോറിയത്തിൽ വ്യാഴം വൈകിട്ട് നാലിനായിരുന്നു വിശിഷ്ടാംഗത്വ സമർപ്പണം. ബഹുമതി സ്വീകരിച്ച് നടത്തിയ പ്രസംഗത്തിലുടനീളം ഡോ. എം ലീലാവതി തന്റെ ജീവിതമുഹൂർത്തങ്ങൾ അനുസ്മരിച്ചു. 1947ൽ ഇന്റർമീഡിയറ്റ് സയൻസ് ഗ്രൂപ്പ് ഒന്നാംറാങ്കോടെ വിജയിച്ച തന്നെ സാഹിത്യപഠനത്തിലേക്ക് വഴിമാറ്റിവിട്ടത് മഹാരാജാസ് കോളേജ് പ്രിൻസിപ്പലായിരുന്ന പ്രൊഫ. ശങ്കരൻ നമ്പ്യാരാണ്. ബിഎസ്സി കെമിസ്ട്രിക്കുചേർന്ന തന്നെ അദ്ദേഹം ബിഎ മലയാളത്തിലേക്കു മാറ്റി. കവിത ഇഷ്ടമായിരുന്ന അമ്മയാണ് ആദ്യഗുരു. അക്കാലത്തെ പ്രശസ്ത കവികളുടെ രചനകൾ അമ്മ നോട്ബുക്കിൽ പകർത്തിയെഴുതി സൂക്ഷിച്ചിരുന്നു. ഈ കുറിപ്പുകളാണ് സാഹിത്യത്തിലേക്ക് അടുപ്പിച്ചത്. വഴികാട്ടികളായ ഗുരുക്കന്മാർക്കും നിരന്തരം പ്രോത്സാഹിപ്പിച്ച തന്റെ വായനക്കാർക്കും പ്രണാമം അർപ്പിച്ചുകൊണ്ടാണ് ഡോ. എം ലീലാവതി പ്രസംഗം അവസാനിപ്പിച്ചത്.
സാഹിത്യ അക്കാദമി പ്രസിഡന്റ് ചന്ദ്രശേഖര കമ്പാർ വിശിഷ്ടാംഗത്വം സമ്മാനിച്ചു. സെക്രട്ടറി കെ ശ്രീനിവാസറാവു സ്വാഗതവും അക്കാദമി മലയാളം ഉപദേശകസമിതി കൺവീനർ പ്രഭാവർമ്മ നന്ദിയും പറഞ്ഞു. ഡോ. ലീലാവതിയെയും അക്കാദമി പ്രതിനിധികളെയും കുസാറ്റ് വിസി ഡോ. കെ എൻ മധുസൂദനൻ പൊന്നാടയണിയിച്ചു.