ന്യൂഡൽഹി
സ്വകാര്യ ലോട്ടറി നടത്തിപ്പുകാരൻ സാന്റിയാഗോ മാർട്ടിൻ നൽകിയ മാനനഷ്ടക്കേസിൽ മാതൃഭൂമി എഡിറ്റമാരെ വിചാരണ ചെയ്യാമെന്ന് സിക്കിം ഹൈക്കോടതി. വിചാരണ തടയണമെന്നും ഗാങ്ടോക് മജിസ്ട്രേട്ട് പുറപ്പെടുവിച്ച സമൻസ് റദ്ദാക്കണമെന്നുമുള്ള മാതൃഭൂമിയുടെ ആവശ്യം തള്ളിയ ജസ്റ്റിസ് മീനാക്ഷി മദൻ റായ്, പ്രതികൾ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകാനും ഉത്തവിട്ടു. മാതൃഭൂമി മാനേജ്മെന്റിനു പുറമെ എംഡി, മാനേജിങ് എഡിറ്റർ, ജോയിന്റ് മാനേജിങ് എഡിറ്റർ തുടങ്ങിയവരാണ് പ്രതികൾ.
പത്രത്തിലും ഓൺലൈൻ പതിപ്പിലും തുടർച്ചയായി അപകീർത്തിപരമായ വാർത്ത നൽകിയെന്നും അതിന് ഗൂഢാലോചന നടത്തിയെന്നുമാണ് പരാതി. ലോട്ടറി മാഫിയ തലവനെന്ന് വാർത്ത നൽകിയെന്നും പരാതിയിലുണ്ട്. മാർട്ടിനെപ്പറ്റി ധനമന്ത്രിയായിരുന്ന തോമസ് ഐസക് നടത്തിയ പരാമർശമെന്ന പേരിൽ നൽകിയ വാർത്തയിലാണ് നിയമനടപടി.
വാർത്തയുടെ പൂർണ ഉത്തരവാദികൾ അച്ചടിക്കുന്നവരാണെന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന മാർട്ടിന്റെ അഭിഭാഷകൻ കിഷോർ ദത്തയുടെ വാദം കോടതി അംഗീകരിച്ചു.