ന്യൂഡൽഹി
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കിയതോടെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ സോണിയ കുടുംബഭക്തര്‍. പത്രികാസമർപ്പണത്തിന് ഒരു ദിവസംമാത്രം ശേഷിക്കേ പകരം സ്ഥാനാർഥിക്കായുള്ള തിരക്കിട്ട കൂടിയാലോചന തുടരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണെന്ന നാടകീയ പ്രഖ്യാപനത്തോടെ മുതിർന്ന നേതാവ് ദ്വിഗ്വിജയ് സിങ് എഐസിസി ആസ്ഥാനത്തെത്തി പത്രിക വാങ്ങി. ദിഗ് വിജയ് സിങ്ങിനെ ഹൈക്കമാൻഡ് ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ല. തരൂര്‍ വെള്ളിയാഴ്ച പത്രിക സമർപ്പിക്കും.ഹൈക്കമാൻഡ് സ്ഥാനാർഥിയായി മുകുൾ വാസ്നിക്കിനെയാണ് പരിഗണിക്കുന്നത്. എ കെ ആന്റണിയുമായും ഗെലോട്ടുമായും വാസ്നിക് കൂടിക്കാഴ്ച നടത്തി.
സോണിയയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് മത്സരിക്കാനില്ലെന്ന് ഗെലോട്ട് പ്രഖ്യാപിച്ചത്. രാജസ്ഥാൻ സംഭവവികാസങ്ങളില്‍ സോണിയയോട് മാപ്പ് പറഞ്ഞു. മുഖ്യമന്ത്രിയായി തുടരുന്ന കാര്യത്തിൽ സോണിയ തീരുമാനമെടുക്കും–- ഗെലോട്ട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഒന്നു രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. പ്രസിഡന്റ് സ്ഥാനാർഥി ആരാണെന്ന കാര്യത്തിൽ വെള്ളിയാഴ്ച വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ നേതാക്കൾ പരസ്യപ്രസ്താവനകൾ ഒഴിവാക്കിയില്ലെങ്കിൽ അച്ചടക്കനടപടി ഉണ്ടാകുമെന്നുള്ള പ്രസ്താവനയും പുറത്തിറക്കി. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ ശശി തരൂരുമായി ദിഗ്വിജയ് സിങ് കൂടിക്കാഴ്ച നടത്തി.
ഹൈക്കമാൻഡിനെ
തറപറ്റിച്ച് ഗെലോട്ട്
സച്ചിൻ പൈലറ്റിന് രാജസ്ഥാൻ മുഖ്യമന്ത്രിപദം വിട്ടുകൊടുത്ത് കോൺഗ്രസ് പ്രസിഡന്റാകില്ലെന്ന അശോക് ഗെലോട്ടിന്റെ നിലപാട് ഒടുവിൽ വിജയംകണ്ടു. നിർബന്ധപൂർവം പ്രസിഡന്റാക്കിയാൽ രാജസ്ഥാനിൽ സർക്കാർ വീഴുമെന്ന് ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്തിയാണ് ‘ഡമ്മി’ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഗെലോട്ട് രക്ഷപ്പെട്ടത്. രാജസ്ഥാനിലെ 108 കോൺഗ്രസ് എംഎൽഎമാരിൽ 90 പേരെയും ഒപ്പം നിർത്തിയാണ് ഹൈക്കമാൻഡിന്റെ ഏകപക്ഷീയ നീക്കത്തെ വെട്ടിയത്. തന്റെ അറിവോടെയല്ല എംഎല്‍എമാര്‍ രാജിപ്രഖ്യാപനം നടത്തിയതെന്ന നിഷ്കളങ്ക നിലപാടിലാണ് ഗെലോട്ട് ഇപ്പോള്‍. ഗെലോട്ടിനെ മാറ്റിനിർത്തി രാജസ്ഥാൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന് മുന്നോട്ടുപോവുക എളുപ്പമല്ല.