പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളും വസ്തുവകകളും ഉപയോഗിക്കുന്നത് തടയാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതേത്തുടർന്ന് രാത്രിമുതൽ പൊലീസ് നടപടികൾ ആരംഭിച്ചു. പലയിടത്തും ഓഫീസുകൾ അടച്ചുപൂട്ടി.
നിരോധിത സംഘടനയ്ക്ക് സാമ്പത്തികസഹായം ലഭിക്കുന്ന മാർഗങ്ങൾ തടയാനും നടപടിയെടുക്കും. സർക്കാർ ഉത്തരവ് പ്രകാരം യുഎപിഎയിലെ ഏഴ്, എട്ട് വകുപ്പനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് അധികാരമുണ്ടാകും. ജില്ലാ മജിസ്ട്രേട്ടുമാരുമായി ചേർന്നായിരിക്കും തുടർനടപടികൾ. ഇവ ക്രമസമാധാനവിഭാഗം എഡിജിപിയും മേഖല ഐജിമാരും റേഞ്ച് ഡിഐജിമാരും നിരീക്ഷിക്കും. പൊലീസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ എഡിജിപിമാരും ഐജിമാരും ഡിഐജിമാരും ജില്ലാ പൊലീസ് മേധാവിമാരും പങ്കെടുത്തു.
പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച സാഹചര്യത്തിൽ യുഎപിഎ നിയമപ്രകാരം നടപടിയെടുക്കാൻ അനുവാദം നൽകി സർക്കാർ വ്യാഴം രാവിലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജില്ലാ മജിസ്ട്രേട്ടുമാരെയും ജില്ലാ പൊലീസ് മേധാവിമാരെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.