ന്യൂഡല്ഹി> കോണ്ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജസ്ഥാനിലെ സംഭവവികാസങ്ങളില് കോണ്ഗ്രസ് അധ്യക്ഷ സോണിയയോട് ക്ഷമ ചോദിക്കുകയും മുഖ്യമന്ത്രിയായി തുടരണോ എന്ന് സോണിയ തീരുമാനിക്കുമെന്നും ഗെലോട്ട് പറഞ്ഞു. ക്ഷമാപണക്കത്തുമായാണ് സോണിയയെ കാണാൻ ഡല്ഹിയിലെത്തിയത്.
ഗെലോട്ട് പിൻമാറിയതോടെ അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്ന്ന നേതാവ് ദിഗ്വിജയ് സിങ്ങും ശശി തരൂരും തമ്മിലുള്ള മത്സരം ഉറപ്പായി. മത്സരിക്കുവാൻ തയ്യാറാണെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ദിഗ്വിജയ് സിങ്ങും ശശി തരൂരും പത്രിക സമര്പ്പിക്കും. ഇതിനിടെ ദിഗ്വിജയ് സിങ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില് രാഹുല് ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില് പങ്കെടുത്ത ദിഗ്വിജയ് സിങ്ങിനെ കഴിഞ്ഞ ദിവസം ഡല്ഹിയിലേക്ക് നേതൃത്വം വിളിച്ചു വരുത്തുകയായിരുന്നു.
കോണ്ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണമെങ്കില് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന നിലപാട് സോണിയ ഗെലോട്ടിനോട് കൂടിക്കാഴ്ചയില് ആവര്ത്തിച്ചു. കെ സി വേണുഗോപാലും ഒപ്പമുണ്ടായിരുന്നു. എന്നാൽ എംഎല്എമാരുടെ മനസ്സ് മാറ്റാന് കഴിഞ്ഞില്ലെന്നും കോണ്ഗ്രസ് അധ്യക്ഷനാകാന് താനില്ലെന്ന നിലപാടും അശോക് ഗെലോട്ട് ഹൈക്കമാന്ഡിനെ അറിയിക്കുകയായിരുന്നു.
രാജസ്ഥാന് മുഖ്യമന്ത്രിയായി സച്ചിന് പൈലറ്റിനെ നിയമിക്കണമെന്ന സോണിയയുടെ നിര്ദേശത്തിനു വഴങ്ങിയാല് മാത്രം ഗെലോട്ടിനെ സ്ഥാനാര്ഥിയാക്കുന്നത് ആലോചിക്കാമെന്നായിരുന്നു ഹൈക്കമാന്ഡ് നിലപാട്.