തിരുവനന്തപുരം > കാസർഗോഡ് അംഗടിമുഗർ ജിഎച്ച്എസ്എസ് സ്കൂളിൽ സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളെ റാഗിങ്ങിനിരയാക്കിയ സംഭവത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി വിദ്യാഭ്യാസമന്ത്രി. ചൊവ്വാഴ്ച വൈകിട്ട് സ്കൂൾ വിട്ട് വീട്ടിൽ പോകുന്നതിനിടയിലാണ് പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ബസ് സ്റ്റോപ്പിൽ തടഞ്ഞുവെച്ച് റാഗ് ചെയ്തത്.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സാങ്കൽപ്പികമായി മോട്ടർ സൈക്കിൾ ഓടിക്കാൻ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെടുകയായിരുന്നു. കുട്ടി വിസമ്മതിച്ചതോടെ മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇരു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കാര്യ വിവരങ്ങൾ ചോദിച്ചറിഞ്ഞു. വിദ്യാർഥികൾക്കെതിരെ സ്കൂളിന്റെ ഭാഗത്തു നിന്നും ഉടൻ നടപടിയുണ്ടാകും.
സംഭവത്തിൽ എസ്എഫ്ഐ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. വർഷങ്ങൾക്ക് മുന്നേ കേരളത്തിലെ ക്യാമ്പസുകൾ ചെറുത്ത് തോൽപിച്ച റാഗിങ് വീണ്ടും ക്യാമ്പസുകളിൽ ഉയർത്തി കൊണ്ടുവരുന്നത് പുരോഗമന സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഇത്തരം പൈശാചിക നടപടികളുടെ കേന്ദ്രമാക്കാൻവിദ്യാഭ്യാസ സ്ഥാപനങ്ങളെ വിട്ടുകൊടുക്കില്ല. ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരെ വിദ്യാർത്ഥികളും പൊതുസമൂഹവും ഒറ്റപ്പെടുത്തുകയും തള്ളിപ്പറയുകയും ചെയ്യണമെന്നും വരും ദിവസങ്ങളിൽറാഗിങ്ങിനെതിരായി ശക്തമായ പ്രവർത്തനങ്ങൾ ഏറ്റുടെക്കുമെന്നും എസ്എഫ്ഐ കുമ്പള ഏരിയകമ്മിറ്റി പ്രസ്ഥാനവനയിലൂടെ അറിയിച്ചു.