അഹമ്മദാബാദ്> ഇന്ത്യൻ ഒളിമ്പിക്സ് എന്ന വിശേഷണവുമായി ഗുജറാത്തിലെ ആറ് നഗരങ്ങളിൽ ദേശീയ ഗെയിംസിന് ഇന്ന് തുടക്കം. ഏഴുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഗെയിംസിന്റെ 36–-ാംപതിപ്പിന് കൊടിയേറുന്നത്. അഹമ്മദാബാദ് മൊട്ടേരയിലെ സർദാർ വല്ലഭ്ഭായി പട്ടേൽ സ്പോർട്സ് കോംപ്ലക്സിൽ വൈകിട്ട് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, അദ്ദേഹത്തിന്റെ പേരിലുള്ള സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യും.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സർവീസസും അടക്കം 37 ടീമുകൾ പങ്കെടുക്കും. 36 കായിക ഇനങ്ങളിലായി എണ്ണായിരത്തിലധികം താരങ്ങൾ അണിനിരക്കും. ‘സ്പോർട്സിലൂടെ ഐക്യം’ സന്ദേശമുയർത്തി നടക്കുന്ന ഗെയിംസ് അടുത്തവർഷം ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഒരുക്കമാകും. 1,32,000 കാണികളെ ഉൾകൊള്ളുന്ന ലോകത്തിലെ ഏറ്റവുംവലിയ സ്റ്റേഡിയങ്ങളിലൊന്നായ മൊട്ടേരയിൽ ഉദ്ഘാടനച്ചടങ്ങ് വൻ ആഘോഷമാകും. കോമൺവെൽത്ത് വെള്ളിമെഡൽ ജേതാവ് എം ശ്രീശങ്കർ മാർച്ച് പാസ്റ്റിൽ കേരളത്തിന്റെ പതാകയേന്തും.
പുരുഷ നെറ്റ്ബോളിൽ കേരളം സെമി കാണാതെ പുറത്തായി. മൂന്നാമത്തെ മത്സരത്തിൽ ഡൽഹിയോട് കടുത്ത പോരാട്ടത്തിനൊടുവിലാണ് പരാജയം (53–- -56). കളിയിൽ ഡൽഹി ടീം നിരന്തരം ഫൗൾ ചെയ്തിട്ടും റഫറിമാരുടെ വിസിൽ മുഴങ്ങിയത് കേരളത്തിനെതിരെയാണ്. ഇതോടെ നിലവിലെ വെങ്കലമെഡൽ ജേതാക്കളായ ടീം കണ്ണീരോടെ മടങ്ങി. ഡീ ബാർ ചെയ്യുമെന്ന ഭീഷണിയിലാണ് കേരളം കളി തുടർന്നത്.
വനിതാവിഭാഗം റഗ്ബിയിൽ കേരള വനിതകൾ രണ്ട് മത്സരങ്ങളിൽ തോറ്റു.