കൊച്ചി
പ്രവാചകനിന്ദ ആരോപിക്കുന്ന ചോദ്യപേപ്പർ എഴുതിയ കൈവേണ്ട എന്നു തീരുമാനിച്ചാണ് പോപ്പുലർ ഫ്രണ്ട് തീവ്രവാദിസംഘം തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം അധ്യാപകൻ പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത് . 2010 ജൂലൈ നാലിന് രാവിലെ എട്ടോടെ കുടുംബാംഗങ്ങളോടൊത്ത് പള്ളിയിൽ പോയി തിരികെവരുമ്പോൾ വീടിനുസമീപത്ത് റോഡിൽ കാർ തടഞ്ഞുനിർത്തിയാണ് ആക്രമിച്ചത്. ടി ജെ ജോസഫിന്റെ വലത് കൈപ്പത്തിയാണ് വെട്ടിമാറ്റിയത്.
ആദ്യം പ്രത്യേക പൊലീസ് സംഘവും പിന്നീട് എൻഐഎയും കേസ് അന്വേഷിച്ചു. 31 പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിലായി. 2015 ഏപ്രിൽ 30ന് 13 പ്രതികൾക്ക് ശി ക്ഷവിധിച്ചു. 10 പേർക്ക് എട്ടുവർഷം കഠിനതടവും മൂന്നുപേർക്ക് രണ്ടുവർഷവും. 2015നുശേഷം അറസ്റ്റിലായ 11 പ്രതികൾക്കെതിരായ വിചാരണ 2020 നവംബറിൽ എൻഐഎ കോടതിയിൽ തുടങ്ങി.
സംഭവത്തിനുശേഷം പ്രൊഫ. ടി ജെ ജോസഫിന്റെ ജീവിതം അങ്ങേയറ്റം ദുരിതപൂർണമായി. വിവാദത്തെത്തുടർന്ന് അദ്ദേഹത്തെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. കേസിൽ അറസ്റ്റിലായി. ദുരിതങ്ങൾക്കിടെ മാനസികമായി തകർന്ന ജോസഫിന്റെ ഭാര്യ സലോമി 2014ൽ ജീവനൊടുക്കി. തനിക്ക് നേരിട്ട ദുരന്താനുഭങ്ങളുടെ പശ്ചാത്തലത്തിൽ പ്രൊഫ. ടി ജെ ജോസഫ് ‘അറ്റുപോകാത്ത ഓർമകൾ’ എന്ന ആത്മകഥ എഴുതിയിട്ടുണ്ട്. ഈ കൃതിക്ക് അടുത്തയിടെ കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചു. എല്ലാത്തരം ഭീകരവാദത്തിനുമെതിരായ സന്ദേശമാണ് ആ പുരസ്കാരം.