തിരുവനന്തപുരം> അർഷ്ദീപ് സിങ്ങിന്റെ ഒരോവറിൽ ദക്ഷിണാഫ്രിക്ക തോൽവി സമ്മതിച്ചു. ഇന്നിങ്സിന്റെ രണ്ടാംഓവർ എറിഞ്ഞ് അർഷ്ദീപ് മടങ്ങുമ്പോൾ ഗ്രീൻഫീൽഡിലെ സ്ക്രീനിൽ തെളിഞ്ഞു–-ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിൽ -എട്ട് റൺ. ക്വിന്റൺ ഡി കോക്കിന്റെയും ഡേവിഡ് മില്ലറുടെയും കുറ്റിപിഴുത്, റിലീ റോസൗവിനെ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് അർഷ്ദീപ് ദക്ഷിണാഫ്രിക്കയുടെ ഹൃദയം പിളർത്തി. പിന്നെയൊരു തിരിച്ചുവരവ് അസാധ്യമായിരുന്നു.
ടോസ് നേടി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബൗളിങ് തെരഞ്ഞെടുത്തത് പിച്ചിലെ പച്ചപ്പ് കണ്ടിട്ടായിരുന്നു. റണ്ണൊഴുകാൻ ഒരുക്കിയ മൈതാനത്ത് ആദ്യ ഓവറുകളിൽ പേസർമാർക്ക് ആധിപത്യം ഉണ്ടാകുമെന്ന കണക്കുകൂട്ടൽ പിഴച്ചില്ല. പവർപ്ലേയിൽ 30 റൺമാത്രം വിട്ടുനൽകി അഞ്ച് വിക്കറ്റാണ് ഇന്ത്യ നേടിയത്.
ആർത്തിരമ്പിയ ഗ്രീൻഫീൽഡിനെ ഇന്ത്യ നിരാശരാക്കിയില്ല. ഓരോ പന്തിലും ആഘോഷം. ഒന്നാംഓവറിൽ ദീപക് ചഹാർ കൊളുത്തിയ തീ കെട്ടില്ല. ആറാംപന്തിൽ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബവുമയുടെ സ്റ്റമ്പെടുത്ത് ചഹാർ വേട്ടയാരംഭിച്ചു. പിന്നാലെ തീപടർത്തിയ അർഷ്ദീപിന്റെ വിജയ ഓവർ. ദക്ഷിണാഫ്രിക്കയുടെ നാല് മുൻനിര ബാറ്റർമാർ റണ്ണെടുക്കാതെ കൂടാരംകയറി.
ബാറ്റിൽ മിന്നുമ്പോഴും പന്തിൽ തളരുന്നുവെന്ന പേരുദോഷം മാറ്റുന്ന പ്രകടനമായിരുന്നു ഇന്ത്യയുടേത്. ട്വന്റി–-20 ലോകകപ്പിനുമുമ്പുള്ള ആശങ്ക ബൗളർമാരുടെ മികവിലായിരുന്നു. എന്നാൽ, ജസ്പ്രീത് ബുമ്ര ഇല്ലാതിരുന്നിട്ടും ബൗളർമാരുടെ വീര്യം കെട്ടില്ല. ദീപക്കും അർഷ്ദീപുംമാത്രമല്ല, പന്തെടുത്ത എല്ലാവരും തിളങ്ങി. വിക്കറ്റൊന്നും നേടിയില്ലെങ്കിലും ആർ അശ്വിൻ കൈയടി വാങ്ങി. നാല് ഓവറിൽ വലംകൈയൻ സ്പിന്നർ വിട്ടുനൽകിയത് എട്ട് റൺ. ഒരു മെയ്ഡനും. മധ്യ ഓവറുകളിൽ ഹർഷൽ പട്ടേലുമൊത്ത് അശ്വിൻ ആഫ്രിക്കക്കാരെ മെരുക്കി.
സൂര്യകുമാറിന്റെ ബാറ്റാണ് വീണ്ടും ജയത്തിലേക്ക് ഇന്ത്യയെ നയിച്ചത്. ഓസ്ട്രേലിയക്കെതിരായ വിജയ ഇന്നിങ്സിനുശേഷം പക്വമായ മറ്റൊന്ന്. ലോകേഷ് രാഹുലിനെ കൂട്ടുപിടിച്ച് സമ്മർദത്തിലാക്കാതെ ജയം സമ്മാനിച്ചു. രാഹുൽ 56 പന്തിൽ 51 റണ്ണുമായി പുറത്തായില്ല. സിക്സറടിച്ചാണ് അർധ സെഞ്ചുറിയും വിജയവും സ്വന്തമാക്കിയത്. നാല് സിക്സറും രണ്ട് ഫോറും നിറഞ്ഞ ഇന്നിങ്സ്. സൂര്യകുമാർ യാദവ് 33 പന്തിലാണ് 50 അടിച്ചത്. അഞ്ച് ഫോറും മൂന്ന് സിക്സറും. ഇരുവരും മൂന്നാംവിക്കറ്റിൽ പുറത്താകാതെ നേടിയത് 93 റൺ. 6.1 ഓവറിൽ 2–-17ൽ നിന്നാണ് ഈ കൂട്ടുകെട്ട് 16.4 ഓവറിൽ വിജയമൊരുക്കിയത്.
ഒക്ടോബർ രണ്ടിന് ഗുവാഹത്തിയിലാണ് പരമ്പരയിലെ രണ്ടാംമത്സരം.