തിരുവനന്തപുരം
ലഹരിക്കെതിരെ സംസ്ഥാനം നടത്തുന്ന ജനകീയ ഇടപെടലുകൾക്ക് പിന്തുണയുമായി യൂനിസെഫ്. എക്സൈസ് മന്ത്രി എം ബി രാജേഷുമായുള്ള കൂടിക്കാഴ്ചയിലാണ് യൂനിസെഫ് സംഘം പിന്തുണ അറിയിച്ചത്.
ലഹരിക്കെതിരായി ജനകീയമായി ഇടപെടാനുള്ള പദ്ധതിയും പ്രാദേശികമായ മോണിറ്ററിങ് സമിതിയും മാതൃകാപരമാണെന്ന് സംഘം അഭിപ്രായപ്പെട്ടു.
കേരളവുമായി ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ദീർഘകാലത്തേക്ക് നടത്താൻ യുനിസെഫ് സന്നദ്ധത അറിയിച്ചു. ഹ്യൂൻ ഹീ ബാൻ, കെ എൽ റാവു, ഡോ.
മഹേന്ദ്ര രാജാറാം, ജോ ജോൺ ജോർജ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
അതിദാരിദ്ര്യ നിർമാർജനത്തിന് പ്രശംസ
അതിദാരിദ്ര്യം അവസാനിപ്പിക്കാൻ കേരളം നടത്തുന്ന ശ്രമങ്ങളെയും യുനിസെഫ് സംഘം പ്രശംസിച്ചു. വികസിത രാജ്യങ്ങൾക്ക് പോലും പകർത്താനാകുന്ന മാതൃകയാണിത്. ഓരോ കുടുംബങ്ങൾക്കുമായി മൈക്രോപ്ലാൻ തയ്യാറാക്കി അതിദാരിദ്ര്യത്തെ നേരിടുന്ന മാതൃക മികച്ചതാണ്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം അഭിമാനകരവും മാതൃകാപരവുമാണ്. മഴക്കെടുതി നേരിട്ട പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും നടത്തിയ ഇടപെടലുകൾ നേരിട്ട് കണ്ട അനുഭവമുണ്ട്.
ഈ പ്രവർത്തനം മറ്റെങ്ങും ചിന്തിക്കാൻപോലും കഴിയില്ലെന്നും സംഘം അഭിപ്രായപ്പെട്ടു. സുസ്ഥിര വികസനം, ദുരന്തനിവാരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിൽ കേരളവുമായി സഹകരിക്കാൻ തയ്യാറാണെന്നും അവർ അറിയിച്ചു.