കൊച്ചി
കെഎസ്ആർടിസിക്ക് സാമ്പത്തികസഹായം നൽകാനുള്ള നിയമപരമായ ബാധ്യതയില്ലെങ്കിലും ജീവനക്കാരെ സംരക്ഷിക്കേണ്ടതിനാലാണ് ശമ്പളം നൽകാൻ 103 കോടി രൂപ നൽകിയതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിൽ സർക്കാരിന്റെ നിർദേശങ്ങൾ തൊഴിലാളികളും മാനേജുമെന്റും ജീവനക്കാരുടെ സംഘടനകളും അംഗീകരിച്ചതിനാലാണ് സഹായം നൽകിയതെന്നും അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് കോടതിയെ അറിയിച്ചു.
ശമ്പളം നൽകാൻ സർക്കാർ നടത്തിയ ഇടപെടലുകൾ തൃപ്തികരമായതിനാൽ ഇതുസംബന്ധിച്ച കേസുകൾ തീർപ്പാക്കിയതായി ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി പി മുഹമ്മദ് നിയാസും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ജീവനക്കാർക്ക് ഓണത്തിന് ശമ്പളവും ബോണസും നൽകാൻ 103 കോടി രൂപ സർക്കാർ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകിയ സാഹചര്യം വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് എജി ഹാജരായത്.