മനാമ > ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപനവും നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനവും വ്യാഴം വെള്ളി ദിവസങ്ങളില്‍ നടക്കും.
ഓണാഘോഷങ്ങളുടെ സമാപന സമ്മേളനം വ്യാഴാഴ്ച വൈകീട്ട് 7.30ന് നടക്കും. ചടങ്ങില്‍ മുഖ്യാതിഥിയായി കേരള സംസ്ഥാന സഹകരണ മന്ത്രി വിഎന്‍ വാസവന് പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് പ്രമുഖ മജീഷ്യന്‍ സാമ്രാജ് ആന്റ് ടീം അവതരിപ്പിക്കുന്ന മാജിക്ക് ഷോ അരങ്ങേറും.
നവരാത്രി പരിപാടികളുടെ ഉത്ഘാടനം വെള്ളിയാഴ്ച വൈകീട്ട് ഏഴിന് സമാജത്തില്‍ നടക്കും. ചടങ്ങില്‍ മന്ത്രി വിഎന്‍ വാസവനും ഇന്ത്യന്‍ അംബാസഡര്‍ പിയുഷ് ശ്രീവാസ്തവയും പങ്കെടുക്കും. തുടര്‍ന്ന് പ്രശ്സ്ത ഗായകന് ഹരിഹരന് ആന്റ് ടീ അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറുമെന്നും അവര്‍ അറിയിച്ചു.
ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആഘോഷിക്കും. നവരാത്രി ആഘോഷം ഒക്ടോബര്‍ ഏഴുവരെ നീളും. അഞ്ചിനാണ് വിദ്യാരംഭം. ഡോ. വിപി ഗംഗാധരന്, ഡോ ചിത്രതാര ഗംഗാധരന് എന്നിവര്‍ കുരുന്ന്നുകള്ക്ക് ആദ്യാക്ഷരം പകരും.
ഒക്ടോബര്‍ ഒന്നിന് ഇന്ത്യന്‍ പരമ്പരാഗത വസ്ത്രധാരണങ്ങളുടെ മത്സരം, മൂന്നിന് നവരാത്രി സംഗീതാര്‍ച്ചന, നവരാത്രി നൃത്തനൃത്ത്യങ്ങള്‍, അഞ്ചിന് വൈകിട്ട് രേണുക അരുണിന്റെ സംഗീത പരിപാടി, ആറിന് കോട്ടയ്ക്കല്‍ മധു അവതരിപ്പിക്കുന്ന കഥകളി സംഗീതം, ഏഴിന് രാജേഷ് വൈദ്യയുടെ വീണ ഫ്യൂഷന്‍ എന്നിവ അരങ്ങേറും.
പ്രവേശനം സൗജന്യമായിയ്ക്കുമെന്നു സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ എംപി രഘു, ദലീഷ് കുമാര്‍, ഫിറോസ് തിരുവത്ര എന്നിവരും പങ്കെടുത്തു.