ന്യൂഡൽഹി > സംസ്ഥാനത്ത് സാമുദായിക സമാധാനം തകർത്ത് മനഃപൂർവ്വം വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന പ്രകോപന നടപടികളിൽ നിന്ന് പിന്മാറാൻ ആർഎസ്എസിനെ ഉപദേശിക്കുകയാണ് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ചെയ്യേണ്ടതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. കേരളം തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടാണെന്ന ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പിബി.
ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും (പിഎഫ്ഐ) നടത്തുന്ന കൊലപാതകങ്ങളിലൂടെയും പ്രതികാര കൊലപാതകങ്ങളിലൂടെയും കേരളത്തില്‍ രാഷ്ട്രീയ അക്രമങ്ങള്‍ സ്ഥിരമാകുന്നുവെന്ന വസ്തുത മൂടിവയ്ക്കാന്‍ നദ്ദയുടെ വ്യാജ ആരോപണത്തിന് കഴിയില്ല. ഈ വര്‍ഷം തന്നെ ആലപ്പുഴ, പാലക്കാട് ജില്ലകളിലായി ഈ രണ്ട് സംഘടനകളിലെയും പ്രവര്‍ത്തകര്‍ നടത്തിയ കൊലപാതകങ്ങളിലും പ്രതികാര കൊലപാതകങ്ങളിലും നാല് പേരാണ് മരിച്ചതെന്ന് പി ബി ചൂണ്ടിക്കാട്ടി.
കേരളത്തിലെ ജനങ്ങള്‍ സാമുദായിക സൗഹാര്‍ദ്ദത്തിനും സമാധാനത്തിനും വേണ്ടിയുള്ള മാതൃകാപരമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ടവരാണ്. അവര്‍ ഒരു തീവ്രവാദ അക്രമവും വെച്ചുപൊറുപ്പിക്കില്ലെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ വ്യക്തമാക്കി.