തിരുവനന്തപുരം
തമിഴ്നാട്ടിൽ നിർമാണം തുടങ്ങാത്ത എയിംസ് ഉദ്ഘാടനത്തിന് തയ്യാറായെന്നു പറഞ്ഞ് നാണംകെട്ട ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ വീമ്പിളക്കൽ കേരളത്തിലും. കേരളം കടക്കെണിയിലാണെന്നും ബിജെപിക്കാർ കൊല്ലപ്പെടുന്നുവെന്നുമാണ് രണ്ടു ദിവസത്തെ സന്ദർശനത്തിന് എത്തിയ നദ്ദ ആരോപിച്ചത്. ഇതോടെ മലയാളികൾക്കുമുന്നിൽ പച്ചക്കള്ളം പറഞ്ഞ് നദ്ദ സ്വയം പരിഹാസ്യനുമായി. വസ്തുതകൾ മനസ്സിലാക്കാതെ കേരളത്തിനെതിരെ എന്തുനുണയും വിളിച്ചുപറയാമെന്ന കേരളത്തിലെ ബിജെപി നേതാക്കളുടെ അതേ നിലവാരത്തിലാണ് നദ്ദയും പൊതുവേദികളിൽ സംസാരിക്കുന്നത്.
കേന്ദ്ര ധന കമീഷൻ നിശ്ചയിച്ച പരിധിയിലാണ് സംസ്ഥാനം കടമെടുക്കുന്നത്. ഈവർഷം സംസ്ഥാന ആഭ്യന്തര മൊത്ത ഉൽപ്പാദനത്തിന്റെ മൂന്നര ശതമാനമാണ് പരിധി. കേരളം അത് പാലിക്കുന്നുണ്ട്. ധന ഉത്തരവാദിത്വ നിയമം അനുസരിച്ച് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ മൂന്നു ശതമാനം കേന്ദ്രത്തിന് കടമെടുക്കാം. എന്നാൽ, 6.9 ശതമാനത്തിലേറെയാണ് കടമെടുത്തത്. മൊത്തം വരുമാനത്തിന്റെ പകുതിയോളമാണ് കേന്ദ്ര കടം (42 ശതമാനം). കേരളത്തിന്റേത് 20 ശതമാനവും.
കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷവും സിപിഐ എം പ്രവർത്തകരായിട്ടും പ്രതികളേറെയും ആർഎസ്എസുകാരായിട്ടും നെറികെട്ട നുണപ്രചാരണമാണ് ബിജെപി കേന്ദ്രനേതാക്കളും നടത്തുന്നത്. കഴിഞ്ഞ ആറുവർഷത്തെ കണക്ക് ഇത് തെളിയിക്കുന്നതാണ്. സംഘർഷം ലക്ഷ്യമിട്ട് ബിജെപി–-ആർഎസ്എസ് പ്രവർത്തകർ വ്യാപകമായി സിപിഐ എം പ്രവർത്തകരെ ആക്രമിക്കുന്നതും പതിവാണ്. മധുരയിൽ എയിംസ് നിർമിക്കാൻ 1600 കോടി അനുവദിച്ച് പണിപൂർത്തിയാക്കി ഉടൻ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു കഴിഞ്ഞദിവസം നദ്ദ തമിഴ്നാട്ടിൽ പ്രസംഗിച്ചത്. എന്നാൽ, അവിടത്തെ എയിംസിന്റെ അവസ്ഥ എന്താണെന്ന് മധുര എംപി സു വെങ്കിടേശൻ അടക്കമുള്ള നേതാക്കൾ നാട്ടുകാരെ ബോധ്യപ്പെടുത്തിയിരുന്നു.