കോട്ടയം
ഉന്നത വിദ്യാഭ്യാസ മേഖലയുടെ രീതിശാസ്ത്രം മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കയം മുരിക്കുംവയൽ ശ്രീശബരീശ കോളജിന്റെയും നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെയും ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിന് അനുസരിച്ചുള്ള ഇടപെടലിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കഴിയണം. അതിന്റെ ഭാഗമായി കോളേജുകൾ അവരുടേതായ എല്ലാ കാര്യവും നിർവഹിക്കുന്ന നിലവരും.
സർവകലാശാലകളാണ് ഇപ്പോൾ പരീക്ഷ നടത്തുന്നത്. ഭാവിയിൽ കോളേജുകൾക്ക് തന്നെ പരീക്ഷ നടത്താവുന്ന അവസ്ഥയിലേക്ക് വിദ്യാഭ്യാസമേഖല മാറും. ഓട്ടോണമസ് കോളേജുകൾ ഇപ്പോൾ തന്നെയുണ്ട്. ഓരോ സ്ഥാപനവും കൂടുതൽ കഴിവുകൊണ്ട് പടിപടിയായി ഉയർന്നുവരണം. വിവേചനവും അന്ധവിശ്വാസവും തൊട്ടുകൂടായ്മയും നിലനിന്ന ഘട്ടത്തിൽ അതെല്ലാം ദൂരീകരിച്ച് സമൂഹത്തെ നവീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നവോത്ഥാനപ്രസ്ഥാനം തുടങ്ങിയത്. കേരളത്തിലെ നവോത്ഥാന നായകനായ ശ്രീനാരായണഗുരു ഉയർത്തിയ മുദ്രാവാക്യങ്ങളിൽ ഒന്നാണ് ‘ദേവാലയങ്ങളല്ല വേണ്ടത്, വിദ്യാലയങ്ങളാണ്’ എന്നത്. നവോത്ഥാന പാരമ്പര്യത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട് അതിന്റെ ഭാഗമായി രൂപംകൊണ്ട വിദ്യാലയമായി ഐക്യ മലഅരയ മഹാസഭയുടെ നിയന്ത്രണത്തിലുള്ള ഈ രണ്ട് വിദ്യാലയങ്ങളെയും കാണുകയാണ്. വിദ്യാഭ്യാസമേഖലയിലും ആ പ്രവർത്തനങ്ങൾ തുടരുന്നുവെന്നത് അഭിനന്ദനാർഹവും സന്തോഷകരവുമാണ്. വിദ്യാഭ്യാസം അർഥവത്താകുന്നത് പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്കുകൂടി അത് എത്തുമ്പോഴാണെ ന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയായി. എത്നിക് ക്ലബിന്റെ ഉദ്ഘാടനം ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് നിർവഹിച്ചു.
ഐക്യമലയരയ മഹാസഭ ജനറൽ സെക്രട്ടറി പി കെ സജീവ്, പ്രസിഡന്റ് സി ആർ ദിലീപ്കുമാർ, ട്രസ്റ്റ് ചെയർമാൻ കെ ആർ ഗംഗാധരൻ, പ്രിൻസിപ്പൽമാരായ വി ജി ഹരികുമാർ, ഡോ. സി കെ സമിത, മല അരയ എഡ്യുക്കേഷണൽ ട്രസ്റ്റ് ട്രഷറർ പത്മാക്ഷി വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു.