തിരുവനന്തപുരം
ആരോഗ്യ വിദ്യാഭ്യാസമേഖലയിൽ ഇതര സംസ്ഥാനങ്ങൾക്കൊന്നും സ്വപ്നംകാണാൻകൂടി കഴിയാത്ത നേട്ടങ്ങളുമായി കേരളം. ആറു വർഷത്തിനിടെ സർക്കാർ മേഖലയിൽമാത്രം നാലു പുതിയ മെഡിക്കൽ കോളേജുകൾക്കൊപ്പം 310 അധിക എംബിബിഎസ് സീറ്റും നേടിയാണ് കേരളത്തിന്റെ അത്യപൂർവ നേട്ടം. ആരോഗ്യ വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് ഇത്. ഈ അധ്യയന വർഷത്തിൽമാത്രം 200 അധിക സീറ്റുകൾ നേടിയത് ഇതിന്റെ തെളിവായി.
കൊല്ലം പാരിപ്പള്ളി ഇഎസ്ഐ ആശുപത്രി കേന്ദ്രസർക്കാരിൽനിന്ന് ഏറ്റെടുത്ത് പ്രധാന മെഡിക്കൽ കോളേജാക്കി ഉയർത്തിയത് ഒന്നാം പിണറായി സർക്കാരാണ്. അവിടെ ഇപ്പോൾ 110 എംബിബിഎസ് സീറ്റുകളും മെഡിക്കൽ അനുബന്ധ കോഴ്സുകളുമുണ്ട്. ഈ വർഷം പിജി കോഴ്സുകളും നഴ്സിങ് ഉൾപ്പെടെ അനുബന്ധ കോഴ്സുകളും തുടങ്ങി. കാത്ത് ലാബ് ഉൾപ്പെടെ എല്ലാ അത്യാധുനിക സൗകര്യവും ഒരുക്കി. സ്വാശ്രയമേഖലയിൽനിന്ന് പരിയാരം മെഡിക്കൽ കോളേജ് പൂർണമായും സർക്കാർ ഏറ്റെടുത്തതോടെ എംബിബിഎസ്, ബിഡിഎസ്, ബിഎസ്സി നഴ്സിങ് ഉൾപ്പെടെ എല്ലാ സീറ്റുകളും സർക്കാർ മേഖലയിലായി.
ബോർഡിലൊതുക്കി
ഉമ്മൻചാണ്ടി
ജില്ലാ, ജനറൽ ആശുപത്രികൾ മെഡിക്കൽ കോളേജാക്കിയെന്ന് പ്രഖ്യാപിച്ച് ബോർഡ് സ്ഥാപിച്ച് തെരഞ്ഞെടുപ്പിന് ഇറങ്ങി നാട്ടുകാരെ കബളിപ്പിക്കുകയായിരുന്നു ഉമ്മൻചാണ്ടി സർക്കാർ. അന്നത്തെ യുഡിഎഫ് ഭരണത്തിൽ, ദേശീയ മെഡിക്കൽ കൗൺസിലുമായി സൗകര്യങ്ങളൊരുക്കി നൽകാമെന്ന കരാറിൽ ഇടുക്കിക്ക് 50 സീറ്റ് അനുവദിച്ചിരുന്നെങ്കിലും അധികാരമൊഴിയുംമുമ്പ് അംഗീകാരം പോയി. അന്ന് വഞ്ചിതരായ ഇടുക്കി, പത്തനംതിട്ട ജില്ലക്കാർക്ക് 2016ൽ അധികാരമേറ്റ എൽഡിഎഫ് നൽകിയ വാഗ്ദാനമാണ് യാഥാർഥ്യമായത്.
മെഡിക്കൽ കൗൺസിലിന്റെ അനുമതിയോടെ വിദ്യാർഥികളെ സംരക്ഷിച്ചു. നാഷണൽ മെഡിക്കൽ കമീഷൻ (എൻഎംസി) 100 എംബിബിഎസ് സീറ്റ് അനുവദിക്കാമെന്ന് സമ്മതിച്ചതോടെ പുതിയ മെഡിക്കൽ കോളേജിനു തുല്യമായി അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കേണ്ടിവന്നു. പ്രതിസന്ധിനിറഞ്ഞ കോവിഡ് കാലമായിട്ടും അന്നത്തെ വൈദ്യുതിമന്ത്രി എം എം മണി കെഎസ്ഇബിയുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽനിന്ന് 10 കോടി അനുവദിച്ചു. അത്യാധുനിക ഉപകരണങ്ങൾ സജ്ജീകരിക്കാൻ ഇത് സഹായകമായി.
സമാന സ്ഥിതിയായിരുന്നു കോന്നിയിലും. ഒരിക്കലും യാഥാർഥ്യമാകില്ലെന്നുവരെ വാർത്തകൾ നിരന്തരംവന്ന കോന്നി മെഡിക്കൽ കോളേജിനുവേണ്ടി മന്ത്രി വീണാ ജോർജ് നിരന്തരം ഇടപെട്ടു. എല്ലാ കുപ്രചാരണങ്ങളെയും അതിജീവിച്ച് സൗകര്യങ്ങൾ ഒന്നൊന്നായി ഒരുക്കി എൽഡിഎഫ് സർക്കാർ സ്വപ്നം യാഥാർഥ്യമാക്കി.