കോട്ടയം> ഇടുക്കി നാടുകാണിയിലും കോട്ടയം മുരിക്കുംവയലിലും രണ്ട് കോളേജുകൾ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമ്പോൾ പിറക്കുന്നത് പുതുചരിത്രം. പട്ടികവർഗ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഉന്നവിദ്യാഭ്യാസ സ്ഥാപനങ്ങളാകും മുരിക്കുംവയൽ ശ്രീശബരീശ കോളേജും നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളേജും. കേരളത്തിൽ അവർക്ക് എയ്ഡഡ് കോളേജുകൾ അനുവദിച്ച് എൽഡിഎഫ് സർക്കാർ മാതൃകയായി.
രാജ്യത്ത് 10 കോടിയോളം പട്ടികവർഗ വിഭാഗക്കാരുണ്ട്. മറ്റൊരു സംസ്ഥാനത്തും അവരുടെ അധീനതയിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ഐക്യമലയരയ സഭയുടെ വിദ്യാഭ്യാസ ഏജൻസിയായ മലയരയ എഡ്യുക്കേഷണൽ ട്രസ്റ്റ് മാനേജ്മെന്റിന്റെ കീഴിലാണ് കോളേജുകൾ പ്രവർത്തിക്കുക. അംഗങ്ങളിൽനിന്ന് സ്വരുക്കൂട്ടിയ പണംകൊണ്ട് 2014ൽ മുരിക്കുംവയലിൽ അഞ്ചേക്കർ സ്ഥലംവാങ്ങി അഞ്ചുനില കെട്ടിടം പണിതു. 2016ൽ എൽഡിഎഫ് സർക്കാർ വന്നതോടെ കോളേജ് തുടങ്ങാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലായി. 2017 ജൂലൈ ഏഴിന് മൂന്ന് കോഴ്സുകളുമായി ശ്രീശബരീശ കോളേജിന് സർക്കാർ അനുമതി ലഭിച്ചു.
ശ്രീശബരീശയുടെ മാതൃകയിൽ പണം സ്വരൂപിച്ച് ഇടുക്കി നാടുകാണിയിൽ 10 ഏക്കർ സ്ഥലംവാങ്ങി കെട്ടിടം പണിതു. 2021 ഡിസംബർ 21ന് ചേർന്ന മന്ത്രിസഭായോഗം നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളേജിന് അനുമതിനൽകി. ബിഎ എക്കണോമിക്സ്, ബിഎസ്സി ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ കോഴ്സുകളാണ് ഇവിടെയുള്ളത്.